Bigg Boss Malayalam Season 2: ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് റിയാലിറ്റി ഷോയുടെ സംപ്രേഷണം നിർത്തിവെയ്ക്കുന്നു എന്ന വാർത്ത സ്ഥിരീകരിച്ച് ഏഷ്യാനെറ്റ്. അഭ്യൂഹങ്ങൾക്കൊടുവിൽ ഔദ്യോഗിക അറിയിപ്പുമായി ചാനൽ രംഗത്തുവന്നിരിക്കുകയാണ്. ഉത്തരവാദിത്വ ബോധമുള്ള ചാനലെന്ന നിലയിൽ ബിഗ് ബോസ് കുടുംബാംഗങ്ങളുടെയും ഷോയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ഷോയുമായി മുമ്പോട്ടു പോകാന്‍ സാധിക്കില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്. അവസാന എപ്പിസോഡ് മാർച്ച് 21 ശനിയാഴ്ച സംപ്രേഷണം ചെയ്യും.

“കോവിഡ്-19 യെന്ന മഹാവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉത്തരവാദിത്വബോധമുള്ള ചാനലെന്ന നിലയിൽ ബിഗ് ബോസ് കുടുംബാംഗങ്ങളുടെയും ഈ ഷോയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ അടിയന്തിര സാഹചര്യത്തിൽ ബിഗ് ബോസ് ഷോയുടെ ചിത്രീകരണം തുടരാൻ നിർഭാഗ്യവശാൽ കഴിയില്ല. മാർച്ച് 21 ശനിയാഴ്ച മുതൽ തല്‍ക്കാലത്തേക്ക് ബിഗ് ബോസ് 2 ന്റെ സംപ്രേഷണം നിർത്തിവയ്ക്കുകയാണ്,” ഏഷ്യാനെറ്റ് പറയുന്നു.

നേരത്തെ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈനും പ്രഖ്യാപിച്ചു. സർക്കാരിന്റെ ജാഗ്രതാനിർദേശങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഷോ നിർത്തി വെയ്ക്കുന്നത്.

അതിനിടയിൽ, ബിഗ് ബോസ് താരങ്ങളുടെ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഷോ അവസാനിച്ചതിനു പിന്നാലെ താരങ്ങൾ വീട്ടിലേക്ക് മടങ്ങി എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ആര്യ, ഫുക്രു, എലീന എന്നിവരുടെ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Read more: Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ വീണ്ടും കയ്യാങ്കളി; മത്സരാർഥികൾക്ക് മുന്നറിയിപ്പ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook