സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലുമെല്ലാം സജീവമാണ് അഷിക അശോകൻ. ധാരാളം ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള അഷികയെ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത് റീൽസുകളാണ്. മോഡലിംഗിലും സജീവമാണ് അഷിക.
തെലുഗ് നടൻ നാനിയ്ക്ക് ഒപ്പമുള്ള ഒരു റീൽ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് അഷിക ഇപ്പോൾ. “ജീവിതത്തിൽ ഒരിക്കൽ പോലും നാനിയ്ക്ക് ഒപ്പം ഡാൻസ് ചെയ്യുമെന്ന് കരുതിയിരുന്നില്ല. ഇതൊരുപാട് സ്പെഷലായ വീഡിയോയാണ്. ഇപ്പോൾ അദ്ദേഹത്തോട് എനിക്ക് വലിയ ക്രഷ് തോന്നുന്നു,” അഷിക കുറിക്കുന്നു. ‘ദസറ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയതായിരുന്നു നാനി.
ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയും അടുത്തിടെ അഷിക ശ്രദ്ധ നേടിയിരുന്നു.
നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദസറ’. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരും ചിത്രത്തിലുണ്ട്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും സന്തോഷ് നാരായണൻ സംഗീതവും നിർവ്വഹിക്കുന്ന ചിത്രം തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് റിലീസിനെത്തുന്നത്. മാർച്ച് 30നാണ് റിലീസ്.