ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ആര്യ. ഡാൻസർ, അവതാരക എന്നീ നിലകളിലും തിളങ്ങിയ ആര്യ ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു. ആര്യയുടെ അനിയത്തി അഞ്ജന ഇന്ന് തിരുവനന്തപുരത്ത് വിവാഹിതയായിരിക്കുകയാണ്. അഖിലാണ് അഞ്ജനയുടെ വരൻ.
വിവാഹവേദിയിൽ നിറഞ്ഞുനിന്ന ആര്യയുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
കഴിഞ്ഞ ദിവസം മെഹന്ദി ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും ആര്യ ഷെയർ ചെയ്തിരുന്നു.
അച്ഛൻ ബാക്കിവച്ചു പോയ സ്വപ്നം സഫലമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആര്യ ഇപ്പോൾ. “ഇത് എന്റെ ഹൃദയത്തിന്റെ ഒരു പാതി. എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്, സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്‌നമാണിത്, എന്റെ കഷ്ടപ്പാടുകളുടെ, ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്. ഒരുപാട് പ്ലാനിങ് ചെയ്ത കാര്യമാണ്, എന്റെ കുഞ്ഞ് അനിയത്തിയുടെ വിവാഹം. എന്റെ ആദ്യത്തെ കുഞ്ഞ്, എന്റെ കൂടപിറപ്പ്. എനിക്ക് വെറുതേ ശാന്തമായി ഇരിക്കാന്‍ കഴിയില്ല. അവന്റെ കൈകള്‍ പിടിച്ച് അവള്‍ സ്വപ്‌നത്തിലേക്ക് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം,’ എന്നാണ് ദിവസങ്ങൾക്കു മുൻപ് അഞ്ജനയുടെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവച്ചുകൊണ്ട് ആര്യ കുറിച്ചത്.
2018 നവംബറിൽ ആയിരുന്നു ആര്യയുടെ അച്ഛൻ സതീഷ് ബാബുവിന്റെ മരണം. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആര്യ ഏറ്റെടുക്കുകയായിരുന്നു. നർത്തകിയും അവതാരകയുമായ ആര്യ അഭിനേത്രി എന്ന രീതിയിലും ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. പതിനഞ്ചോളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ആര്യ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ബിസിനസ് സംരംഭക കൂടിയാണ് ആര്യ ഇന്ന്. സ്വന്തമായി ഒരു ബൊട്ടീകും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും ആര്യ നടത്തുന്നുണ്ട്.