സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കു ഏറെ സുപരുചിതരായ താര ദമ്പതികളാണ് അര്‍ജുനന്‍ സോമശേഖറും സൗഭാഗ്യ വെങ്കിടേഷും. ഇരുവരും കുടുംബത്തിലെ വിശേഷങ്ങളും വാര്‍ത്തകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അര്‍ജുന്റെ അമ്മയുടെ മരണവാര്‍ത്തയാണ് സൗഭാഗ്യ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അമ്മയ്‌ക്കൊപ്പം അര്‍ജുനും സൗഭാഗ്യയും മകളും നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇങ്ങനെ കുറിച്ചിരിക്കുന്നു.
‘ഞങ്ങളുടെ കണ്ണില്‍ നിന്നു മാഞ്ഞാലും, ഒരിക്കലും മനസ്സില്‍ നിന്നു മായില്ല’. ഇന്നു രാവിലെയാണ് അര്‍ജുന്റെ അമ്മ രാധ ടി കെ മരണമടയുന്നത്. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌ക്കൂളിലെ റിട്ടേര്‍ഡ് അധ്യാപികയാണ്. 73 വയസ്സായിരുന്നു” സൗഭാഗ്യ കുറിച്ചു. അനവധി പേര്‍ കുടുംബത്തിനു ആശ്വാസ വാക്കുകളുമായി പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.
അര്‍ജുന്റെ അച്ഛനും സഹോദരന്റെ ഭാര്യയും മരണത്തോടു കീഴടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല.”ശേഖർ ഫാമിലി. ഒരിക്കൽ സന്തോഷമുള്ള, ഒരു സമ്പൂർണ്ണ കുടുംബമായിരുന്നു. ജീവിതമെന്നത് പ്രവചനാതീതവും വിചിത്രവുമാണ്. ഞങ്ങൾക്ക് കുടുംബത്തിലെ നെടുംതൂണായ രണ്ടുപേരെ നഷ്ടപ്പെട്ടിരിക്കുന്നു, ഭർത്തൃപിതാവിനെയും ചേട്ടത്തിയമ്മയേയും. നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടു വരാൻ തീർച്ചയായും നമുക്ക് കഴിയില്ല, എന്നാൽ നമ്മോടൊപ്പമുള്ളവരെ സംരക്ഷിക്കാൻ ദൈവം നമ്മളെ സഹായിക്കട്ടെ,”ഇരുവരുടെയും മരണവാര്‍ത്ത അറിയിച്ചു കൊണ്ട് സൗഭാഗ്യ കുറിച്ചതിങ്ങനെയായിരുന്നു.