ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് സബീറ്റ ജോർജ്. മകൻ വിട്ടുപിരിഞ്ഞതിന്റെ ആറാം വർഷം മറ്റൊരു കുട്ടിയ്ക്ക് താങ്ങാവാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം.
ജിഷ എന്നു പേരായ ഭിന്നശേഷികാരി കുട്ടിയ്ക്ക് വീൽചെയർ സമ്മാനിച്ചായിരുന്നു സബീറ്റ കരുതൽ പ്രകടിപ്പിച്ചത്. “മോന്റെ ആനിവേഴ്സറിക്ക് ഒരു മോളുടെ ജീവിതത്തിൽ ചെറിയ ഒരു മാറ്റം ഉണ്ടാക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സബീറ്റ കുറിച്ചത്. ജിഷയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രവും താരം ഷെയർ ചെയ്തു. സബീറ്റയുടെ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് ആരാധകരും കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.
സബീറ്റയുടെ രണ്ടു മക്കളിൽ മൂത്തയാളാണ് മാക്സ് വെൽ. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ മാക്സ് 2017ലാണ് മരിച്ചത്. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്.
കോട്ടയം കടനാട് ആണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്തു വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി.
ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.
സിനിമോമേഖലയിലേക്കും ചുവടുവച്ചിരിക്കുകയാണ് സബീറ്റ. സന്തോഷം, പ്രണയവിലാസം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ സബീറ്റ ചെയ്തു.