ടെലിവിഷൻ ഷോകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് പാർവതി ആർ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ പാർവതി കുടുംബത്തിനും സുഹൃത്തുകൾക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള പാർവതി മകൻ അവ്യുക്തിനൊപ്പമുള്ള വീഡിയോയാണ് അധികവും ഷെയർ ചെയ്യുന്നത്. മകനെ അച്ചുക്കുട്ടൻ എന്നാണ് പാർവതി വിളിക്കുന്നത്. അച്ചുക്കുട്ടന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മഴവിൽ മനോരമയിൽ ആരംഭിച്ചിരിക്കുന്ന പുതിയ ഷോയാണ് കിടിലം. ഇതിലെ അവതാരകയാണിപ്പോൾ പാർവതി. ഷൂട്ടിനായി വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിനാൽ മകനെ മിസ്സ് ചെയ്യുന്നെന്നാണ് പാർവതി പറയുന്നത്. വിഷമിച്ചിരുന്ന സമയത്ത് തന്നെ സമാധാനിച്ച കൊച്ചുമിടുക്കിയെ പരിചയപ്പെടുത്തുകയാണ് താരം. അതിനൊപ്പം മക്കളെയും നാട്ടിലാക്കി വിദേശത്തു പോയി ജോലി ചെയ്യേണ്ടി വരുന്ന അമ്മമാരെയും ഓർക്കുന്നുണ്ട് പാർവതി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് പാർവതി ഈ കാര്യങ്ങളെല്ലാം പറയുന്നത്.
“കിടിലം ഷോയുടെ ഷൂട്ടിന് വന്നപ്പോൾ അച്ചുക്കുട്ടന്റെ ആരോഗ്യത്തിനെ മാനിച്ച് അവനെ കൊണ്ട് വന്നില്ല , ഈ ഒരു 2 വയസ്സിൽ അവനില്ലാതെ ഞാൻ എങ്ങും പോയിരുന്നില്ല , പക്ഷെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള തുടർച്ചയായ യാത്ര മൂലം അവനു പനി ആവുന്നത് കൊണ്ട് അവനെ സ്‌ട്രെയിൻ ചെയ്യിപ്പിച്ചില്ല …അവനെ കാണാതെ ഞാൻ ഡിപ്രെസ്സ്ഡ് ആയിരുന്ന സമയം ആണ് ഷോയ്ക്കു ഈ ചക്കര വന്നത് .. എന്റെ അടുത്തു തന്നെ കുറെ സമയം അവളറിയാതെ അവളെന്നെ സമാധാനിപ്പിച്ചിരുന്നു .. മക്കളെ കാണാതിരിക്കുന്നതിന്റെ വേദന പലവരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും 5 ദിവസം പോലും മാറി നില്ക്കാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു .. മക്കളെ കാണാതെ അവർക്കു വേണ്ടി ജീവിക്കുന്ന എല്ലാ പ്രവാസി മാതാപിതാക്കളെയും ഒരു നിമിഷം ആലോചിച്ചുപോയി” പാർവതി കുറിച്ചു.
കിടിലം എന്ന ഷോയിൽ പങ്കെടുക്കാനെത്തിയ കുട്ടിയാണ് പാർവതിയ്ക്കൊപ്പം ചിത്രങ്ങളിലുള്ളത്. മുകേഷ്, നവ്യ നായർ, റിമി ടോമി എന്നിവരാണ് ഷോയിലെ വിധികർത്താക്കൾ.