മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരായ താരജോഡികളാണ് മൃദുലയും യുവയും. വിവാഹ നിശ്ചയിച്ചതിനു പിന്നാലെ ഇരുവരും ഒന്നിച്ചൊരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. മൃദ്‌വ വ്ളോഗ്സ് എന്ന് പേരു നൽകിയിട്ടുള്ള ചാനലിൽ വ്യത്യസ്തമായ വീഡിയോകളും മറ്റും ഇരുവരും ഷെയർ ചെയ്യാറുണ്ട്. മകളുടെ ജനനം, പേരിടൽ ചടങ്ങുമൊക്കെ യൂട്യൂബ് ചാനലിലൂടെയാണ് താരങ്ങൾ പങ്കുവച്ചത്.
ഇഷ്ടവാഹനം സ്വന്തമാക്കിയതിന്റെ വീഡിയോയാണ് താരങ്ങൾ യൂട്യൂബ് ചാനലിലൂടെ ഷെയർ ചെയ്തത്. സിട്രോയിൻ ഈസി3 ആണ് താരങ്ങൾ സ്വന്തമാക്കിയത്. മകൾക്കൊപ്പം ഷോറൂമിൽ നിന്ന് കാർ സ്വീകരിക്കുകയാണ് താരങ്ങൾ. കാർ തിരഞ്ഞെടുക്കുമ്പോഴും ഓർഡർ ചെയ്യുമ്പോഴൊന്നും മൃദുല കാർ കണ്ടിട്ടില്ല. ഓൺലൈൻ വഴിയാണ് നിറം തിരഞ്ഞെടുത്തത്. ആദ്യമായി വാഹനം കാണുന്നതിന്റെ ആഹ്ളാദം മൃദുലയുടെ മുഖത്ത് കാണാം.
2022 ആഗസ്റ്റ് 19നാണ് മൃദുല വിജയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം മൃദുലയും യുവയും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.മകളുടെ ചിത്രങ്ങളും വീഡിയോയുമായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ പങ്കുവയ്ക്കാറുണ്ട് താരങ്ങൾ.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ്. 2020 ജൂലൈയിലായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു വിവാഹം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു, ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്.