മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ പോപ്പുലറായ സീരിയലാണ് ‘ചക്കപ്പഴം’. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിനു അനവധി ആരാധകരാണുള്ളത്. സീരിയലിലെ ഒരോ കഥാപാത്രങ്ങളെയും സംപ്രേഷണം ആരംഭിച്ച് ദിവസങ്ങക്കുള്ളിൽ തന്നെ കാണികൾ ഏറ്റെടുത്തിരുന്നു. അതിൽ ഏറെ ആരാധകരുണ്ടായ കഥാപാത്രമാണ് മരുമകനായി പ്ലാവില വീട്ടിലെത്തിയ ശിവൻ. അർജുൻ സോമശേഖറാണ് ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ കുറച്ചുനാളുകൾകളായി ചക്കപ്പഴത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു അർജുൻ. ശിവൻ എന്ന കഥാപാത്രമായി മറ്റൊരു താരവും സ്ക്രീനിലെത്തിയിരുന്നു. അർജുനു പകരമായെത്തിയ താരവും പിന്നീട് ചക്കപ്പഴം വിട്ട് പോകുകയായിരുന്നു.
ഇപ്പോൾ പ്രേക്ഷകരെ തേടി ഒരു സന്തോഷ വാർത്ത എത്തുകയാണ്. അർജുൻ വീണ്ടു സി പി ശിവനായി വേഷമിടുന്നു എന്നതാണ് വാർത്ത. സീരിയിലിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രമായി എത്തുന്ന അമൽ ദേവാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം ആരാധകരെ അറിയിച്ചത്. “ഒടുവിൽ വന്നു …!!വരണം … വരണം.മിസ്റ്റർ മരുമകൻ” എന്ന അടികുറിപ്പോടെ അർജുനൊപ്പമുള്ള ചിത്രം അമൽ പങ്കുവച്ചിട്ടുണ്ട്. കുഞ്ഞുണ്ണിയുടെ മരുമകൻ ശിവൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിക്കുന്നത്. അർജുന്റെ ഭാര്യ സൗഭാഗ്യയും അർജുൻ ചക്കപ്പഴത്തിലേക്ക് തിരിച്ചെത്തുകയാണെന്ന സൂചന നൽകുന്ന പോസ്റ്റ് പങ്കുവച്ചിരുന്നു.
അനവധി ആരാധകരാണ് സൗഭാഗ്യയുടെ പോസ്റ്റിനു താഴെ അർജുൻ തിരിച്ചെത്തുന്നതിനുള്ള സന്തോഷം പങ്കുവച്ചത്.
ചക്കപ്പഴത്തിലേക്ക് ഒരാൾ തിരിച്ചെത്തുമ്പോൾ മറ്റൊരാൾ സീരിയിൽ നിന്ന് പോകുന്നു എന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സീരിയലിലെ ലളിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സബീറ്റയാണ് ചില പ്രത്യേക കാരണങ്ങളാൽ സീരിയൽ വിടുന്നു എന്ന കുറിപ്പ് കഴിഞ്ഞ ദിവസം പങ്കുവച്ചത്. സീരിയലിൽ നിന്ന് സിനിമാ രംഗത്തേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് സബീറ്റ.