മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ ഷോയാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി. നസീർ സംക്രാന്തി, മഞ്ജു പിള്ള, സാബു മോൻ എന്നിവർ വിധികർത്താക്കളായി എത്തുന്ന ഷോയ്ക്ക് ഏറെ കാഴ്ചക്കാരുണ്ട്. ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’യിലൂടെയെത്തി പ്രേക്ഷകശ്രദ്ധ നേടിയവരിൽ പലരും ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട മുഖങ്ങളാണ്. വനിതാദിനത്തിൽ ബംബർ ചിരിയുടെ ഫ്ളോറിൽ അതിഥിയായി എത്തിയ ഒരു മൂന്നുവയസ്സുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സ്റ്റാൻഡ് അപ്പ് കോമഡിയുമായാണ് അഖ്സ മോൾ വേദിയിലെത്തിയത്.
വേദിയിലേക്ക് എത്തിയപ്പോൾ മുതൽ കുട്ടിവർത്തമാനങ്ങളിലൂടെ പ്രേക്ഷകരിലും വിധികർത്താക്കളിൽ ചിരിയുണർത്താൻ ഈ മിടുക്കികുട്ടിയ്ക്ക് കഴിഞ്ഞു. വേദിയിൽ നിന്നും ബമ്പർ അടിച്ചാണ് അഖ്സ മടങ്ങിയത്. അഖ്സ ബേബി ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ മിടുക്കി ശ്രദ്ധേയയായത്.
ബബറിടച്ചതിലുള്ള സന്തോഷം വേദിയിൽ മഞ്ജുപിള്ളയുമായി പങ്കിടുന്നതിനിടെ, അവതാരകനായ കാർത്തിക് സൂര്യയോട് ‘തിരിച്ചുനോക്ക്, അപ്പോ പൊട്ടുമെന്നാണ്’ കൃസുതിയായി അഖ്സ പറയുന്നത്. കാർത്തിക്കിനെ പോലെയല്ല, ഞാൻ തിരിഞ്ഞുനോക്കിയാൽ ബമ്പറേ വീഴത്തുള്ളൂ എന്നാണ് കുഞ്ഞ് അഖ്സയുടെ കൗണ്ടർ.
“നമ്മുടെ മുഖ്യൻ പിണറായി,” എന്നു തുടങ്ങുന്ന അഖ്സയുടെ പാട്ടും വിധികർത്താക്കളുടെ ശ്രദ്ധ നേടുന്നതായിരുന്നു. കേരള മന്ത്രിസഭയിലെ ഓരോ മന്ത്രിമാരെയും പാട്ടിലൂടെ പരിചയപ്പെടുത്തുകയായിരുന്നു അഖ്സ.
ബമ്പർ ചിരിയിൽ നിന്നും പൈസ കിട്ടിയാൽ എന്തുചെയ്യും എന്ന ചോദ്യത്തിന് അപകടത്തിൽ കാലു നഷ്ടപ്പെട്ട ഉപ്പയ്ക്ക് കാലു വാങ്ങികൊടുക്കും എന്നായിരുന്നു അഖ്സയുടെ മറുപടി.
വനിതാദിന സ്പെഷൽ എപ്പിസോഡിൽ മുതിർന്ന നടിമാരായ കുളപ്പുള്ളി ലീല, ശ്രീലത നമ്പൂതിരി, പിരപ്പൻകോട് ശാന്ത എന്നിവരും പങ്കെടുത്തു.