ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരാണ് അപര്‍ണ- ജീവ താരദമ്പതികള്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ഇരുവരും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അപർണ തോമസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മലയാളികൾ ഇരുവരെയും അടുത്തറിയുന്നത്. മേക്കപ്പ് വ്ളോഗുകളും, രസകരമായ ഗെയിം വീഡിയോകളുമൊക്കെയായി സജീവമായിരുന്നു ചാനൽ. എന്നാൽ ഒരു മാസത്തിലധികമായി ചാനലിൽ വീഡിയോകളൊന്നും തന്നെ പ്രത്യക്ഷപ്പെടുന്നുണ്ടായില്ല. ഇതിനുള്ള കാരണം തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് താരങ്ങൾ.
“നിങ്ങളുമായി പ്രധാനപ്പെട്ട ഒരു കാര്യങ്ങൾ ഞങ്ങൾക്കു പങ്കുവയ്ക്കാനുണ്ട്. ഇത്രയും വർഷങ്ങൾ ഞങ്ങൾക്കൊപ്പം നിങ്ങളുണ്ടായിരുന്നു ഇനിയും അതേ സ്നേഹം പ്രതീക്ഷിക്കുന്നു.
അപർണ തോമസ് എന്ന യൂട്യൂബ് ചാനൽ ഇനി മുതൽ പ്രവർത്തിക്കുന്നതല്ല. ചാനൽ പാർട്ണേഴ്സും ഞങ്ങളും തമ്മിലുണ്ടായ ഒരു വഴക്കാണ് ഇതിനു കാരണം. ചാനലിനെ കുറിച്ച് കൃത്യമായ ഒരു തീരുമാനത്തിലെത്താൻ സാധിക്കാത്തതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്”
“ഇനി ഒരു ചാനൽ തുടങ്ങുമോയെന്ന് അറിയില്ല, അങ്ങനെ ആരംഭിച്ചാൽ നിങ്ങളുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുമായി ബന്ധം കാത്തുസൂക്ഷിക്കാൻ ഇൻസ്റ്റഗ്രാമിൽ ഞങ്ങൾ സജീവമായിരിക്കുമെന്ന് ഉറപ്പ് നൽകുന്നു” താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അഞ്ചു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ചാനലിനു വലിയ ആരാധകവൃന്ദം തന്നെയുണ്ട്. അപര്‍ണ പങ്കുവച്ച വിവരം കേട്ടതിന്റെ ഞെട്ടലിലാണ് ആരാധകരും. റിയാസ് സലീം ഉൾപ്പെടെയുള്ള താരങ്ങൾ ഇരുവരെയും ആശ്വസിപ്പിച്ചു കൊണ്ടുള്ള കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. എലമെൻട്രിക്സ് എന്ന ടീമാണ് അപർണയുടെ ചാനലിനു നേതൃത്വം നൽകിയിരുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി അപർണ തിളങ്ങുമ്പോൾ അവതരണം, അഭിനയം എന്നിവയിലാണ് ജീവ സജീവമാകുന്നത്. പ്രീസ്റ്റ്, 21 ഗ്രാംസ് എന്നീ ചിത്രങ്ങളില്‍ ജീവ അഭിനയിച്ചിട്ടുണ്ട്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഡ്രാമ ജൂനിയർ എന്ന റിയാലിറ്റി ഷോയുടെ അവതാരകനാണിപ്പോൾ ജീവ.