സൂര്യ ടിവിയിൽ അടുത്തിടെ സംപ്രേഷണം തുടങ്ങിയ സീരിയലാണ് ‘സുന്ദരി’. നിറം കുറവായതിന്റെ പേരിൽ ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വരുന്ന പെൺകുട്ടിയുടെ ജീവിതമാണ് സീരിയലിൽ പറയുന്നത്. അഞ്ജലി ശരത്തും യുവ കൃഷ്ണയുമാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുന്ദരി സീരിയലിൽനിന്നും യാതൊരു മുന്നറിയിപ്പും നൽകാതെ തന്നെ പുറത്താക്കിയെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് അഞ്ജലി ശരത്.
”സുന്ദരിയിൽ നിന്ന് ഞാൻ എന്തുകൊണ്ട് പിന്മാറി എന്ന് പലരും ചോദിക്കുന്നുണ്ട്. ഞാൻ പിന്മാറിയതല്ല എന്നെ പുറത്താക്കിയതാണ്. ഒരു കാരണം പോലും പറയാതെയാണ് എന്നെ ടെർമിനേറ്റ് ചെയ്തത്. ഇതുവരെ ചാനലിൽ നിന്നോ സീരിയൽ അണിയറപ്രവർത്തകരിൽ നിന്നോ എനിക്കൊരു വിശദീകരണവും ലഭിച്ചിട്ടില്ല,” അഞ്ജലി പറഞ്ഞു.
”കല്യാണത്തിനും അത് കഴിഞ്ഞുള്ള റിസപ്ഷനും വേണ്ടിയാണ് ഞാൻ പത്ത് ദിവസത്തെ അവധി എടുത്തത്. എന്നാൽ അവധി ദിവസം കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസമായിട്ടും എന്നെ തിരികെ വിളിച്ചില്ല. എനിക്ക് പകരം മറ്റൊരു നടിയും സീരിയലിലേക്ക് വന്നു. നാല് മാസത്തോളം സീരിയലിനുവേണ്ടി ജോലി ചെയ്തു. ഈ നാല് മാസത്തെ പ്രതിഫലം രണ്ട് ലക്ഷത്തിന് മേലെയുണ്ട്. അത് നൽകാതെയാണ് എന്നെ പുറത്താക്കിയത്. സീരിയലിൽ നിന്ന് പുറത്താക്കിയത് മനസിലാക്കാം പക്ഷെ പ്രതിഫലം നൽകാതെ പുറത്താക്കിയത് ശരിയായില്ല. കടം വാങ്ങിയതോ പിടിച്ച് പറിച്ചതോ ഒന്നുമല്ല ചോദിക്കുന്നത്. നാല് മാസം ഞാൻ കഷ്ടപ്പെട്ടതിന്റെ കൂലിയാണ്. ജോലി ചെയ്താൽ കൂലി കിട്ടണം. ഈ ചതിയ്ക്ക് നീതി കിട്ടുന്നവരെ പോരാടും,” അഞ്ജലി പറഞ്ഞു.
അഞ്ജലിയുടെ ആദ്യ സീരിയല്‍ ആണ് സുന്ദരി. സീമ ജി.നായര്‍ അടക്കമുള്ള മുന്‍നിര സീരിയല്‍ താരങ്ങള്‍ സുന്ദരിയിൽ അഭിനയിക്കുന്നുണ്ട്.
Read More: രാക്കുയിൽ സീരിയൽ താരം ദേവിക നമ്പ്യാർ വിവാഹിതയായി; ചിത്രങ്ങൾ