വ്യത്യസ്തമായ യൂട്യൂബ് വീഡിയോകളിലൂടെ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരമാണ് കാർത്തിക് സൂര്യ. യൂട്യൂബർ എന്ന നിലയിൽ മാത്രമല്ല അവതാരകനായും മിനിസ്ക്രീനിൽ തിളങ്ങുകയാണ് കാർത്തിക് ഇപ്പോൾ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ‘ചിരി ഇരു ചിരി ബമ്പർ ചിരി’ എന്ന ഷോയുടെ അവതാരകനാണ് കാർത്തിക്.
താൻ വിവാഹിതനാവാൻ ഒരുങ്ങുന്നു എന്ന് കാർത്തിക് പ്രഖ്യാപിച്ചത് കഴിഞ്ഞ നവംബറിലാണ്. രണ്ട് വർഷത്തോളം നീണ്ട പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത് എന്നും കാർത്തിക് പറഞ്ഞിരുന്നു. പെണ്ണുകാണൽ ചടങ്ങ്, വിവാഹം ഉറപ്പിക്കുന്ന ചടങ്ങ് എന്നിവയുടെ വീഡിയോയും കാർത്തിക് ഷെയർ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ആശിച്ച് മോഹിച്ച് കാത്തിരുന്ന തന്റെ വിവാഹം മുടങ്ങിയെന്ന വെളിപ്പെടുത്തൽ നടത്തുകയാണ് കാർത്തിക്. വിവാഹം മുടങ്ങിയത് തന്നെ വല്ലാതെ തളർത്തിയെന്നും ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തുവെന്നും മദ്യപാനം ആരംഭിച്ചിരുന്നുവെന്നുമാണ് വീഡിയോയിൽ കാർത്തിക് സൂര്യ പറയുന്നത്.
” ഇന്ന് (മെയ് 7) ആയിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. പക്ഷെ വിവാഹം മുടങ്ങി. ജനുവരി ആയപ്പോഴേക്കും പ്രണയം തകർന്നു. ഇത്രയും നാൾ നിങ്ങളോട് ഇതേ കുറിച്ച് പറയാതിരുന്നത് ഞാൻ ഓക്കെയായിരുന്നില്ല , അതുകൊണ്ടാണ്. ഈ ബന്ധം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കൊണ്ടാണ് ഞാൻ എന്റെ വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞതും അവർ വഴി ഒഫീഷ്യലായി നടത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയതും. പക്ഷെ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. മനസമാധാനം ജീവിതത്തിൽ നിന്നും ഇല്ലാതായി. രണ്ടുപേരും സംസാരിച്ച് ഒത്തുപോകില്ലെന്ന് മനസിലായപ്പോൾ പിരിയുകയായിരുന്നു,” കാർത്തിക് പറഞ്ഞു.
“പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചില്ല. ഞാൻ കൈവിട്ട് പോയി. അതുകൊണ്ടാണ് വ്ളോഗിങ് പോലുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിന്നത്. വീട്ടുകാരും വിഷമത്തിലാണ്. ഇനി ഞാനായി പ്രേമിച്ച് ആരേയും ലൈഫിലേക്ക് കൊണ്ടുവരില്ലെന്ന് വീട്ടുകാർക്ക് വാക്ക് കൊടുത്തു. ഇപ്പോൾ അവരെനിക്കു വേണ്ടി വിവാഹം നോക്കുന്നുണ്ട്. സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് താലി കെട്ട് കഴിഞ്ഞപ്പോൾ മാറി നിന്ന് കരയുകയായിരുന്നു ഞാൻ. ഫെബ്രുവരിയിലും മാർച്ചിലുമൊക്കെ വിഷമം താങ്ങാനാവാതെ എല്ലാ ദിവസവും ഇരുന്ന് കുടിക്കുമായിരുന്നു. എല്ലാം മനസ്സിലാക്കി മൂവ് ഓൺ ചെയ്യാൻ ഞാൻ മൂന്നു നാല് മാസം എടുത്തു. കുറച്ച് സ്നേഹം കിട്ടുമ്പോഴേക്കും ഞാൻ അലിഞ്ഞ് പോകും. ആരാണ് ഇനി ജീവിതത്തിലേക്ക് വരാൻ പോകുന്നതെന്ന് അറിയില്ല,” നിറയുന്ന കണ്ണുകളോടെ കാർത്തിക്ക് സൂര്യ പറഞ്ഞു.
തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017ലാണ് ജോലി ഉപേക്ഷിച്ച് വ്ളോഗിങ് ആരംഭിച്ചത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് വ്ളോഗറായത്.