‘വാനമ്പാടി’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഉമ നായർ. സീരിയലിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ സ്നേഹനിധിയായ വല്യമ്മ നിർമ്മലയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉമയെ എപ്പോഴും കേരള തനിമയുള്ള വസ്ത്രങ്ങളിലാണ് പ്രേക്ഷകർക്ക് കണ്ടു പരിചയം. ഇപ്പോഴിതാ, അൽപ്പം വേറിട്ടൊരു ഗെറ്റപ്പിലെത്തുകയാണ് ഉമ നായർ. ‘കണ്ണകി’യാകാൻ അവസരം കിട്ടിയപ്പോഴുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

“കണ്ണകി എന്നും അതിശയത്തോടെ കേട്ടിരുന്ന മാസ്സ് ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു… അങ്ങനെ ഒരു വേഷപകർച്ചക്ക്‌ അവസരം കിട്ടിയപ്പോൾ ചാടിവീണു. പിന്നെ കഥയിൽ കേട്ടതുപോലെ ഒത്തില്ല, എന്നാലും ആഗ്രഹം അതൊരു തെറ്റാല്ലല്ലോ,അല്ലെ?” ചിത്രം ഷെയർ ചെയ്തുകൊണ്ട് ഉമ നായർ കുറിക്കുന്നു.

‘വാനമ്പാടി’യിൽ സ്നേഹനിധിയായ നിർമ്മലയായി എത്തുമ്പോൾ ‘പൂക്കാലം വരവായി’ എന്ന സീരിയലിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഉമ അവതരിപ്പിക്കുന്നത്. രണ്ടു ടൈപ്പു കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ കഴിയുന്നതിൽ താൻ സന്തോഷവതിയാണെന്ന് ഉമ ഒരു​ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം വാനമ്പാടിയിലേത് ആയിരുന്നുവെന്ന് നിർമ്മല ഇന്ത്യൻ​ എക്സ്‌പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. “വാനമ്പാടി’ തീർന്നാൽ എന്റെ ജീവിതത്തിൽ ഞാൻ വളരെ മിസ് ചെയ്യുക ‘നിർമ്മല’ എന്ന എന്റെ കഥാപാത്രത്തെ ആവും. എന്റെ 72-ാമത്തെ സീരിയൽ ആണ് ‘വാനമ്പാടി’. എന്നാൽ ഈ സീരിയൽ തന്ന അത്രയും റീച്ച് എനിക്ക് മറ്റൊരു കഥാപാത്രവും തന്നിട്ടില്ല. നിർമ്മലയെന്ന കഥാപാത്രത്തോട് ആളുകൾ കാണിക്കുന്ന സ്നേഹം വലുതാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ എന്റെ പേരിനേക്കാളും ആളുകൾ എന്നെ വിളിച്ചു കേട്ട പേര് നിർമ്മല എന്നാണ്. ഇത്ര വർഷത്തെ എന്റെ അഭിനയജീവിതത്തിനിടെ വേറിട്ടൊരു അനുഭവമാണ് അത്. പുറത്തൊക്കെ വെച്ച് കാണുമ്പോൾ, പല അമ്മമാരും ഓടിവന്ന് സംസാരിക്കും. നിന്നെ പോലെ ഒരു മരുമകളെ ആണ് ഞങ്ങൾക്ക് വേണ്ടത് എന്നു പറയും.”

“നിർമ്മല എന്ന കഥാപാത്രം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നത് സത്യമാണ്. ആ കഥാപാത്രത്തിന് ഒരുപാട് നല്ല ക്വാളിറ്റികൾ ഉണ്ട്. അനാവശ്യമായി ചിലയിടത്ത് സംസാരിക്കരുത്, ചില പ്രശ്നങ്ങൾ വരുമ്പോൾ അതിനെ അതിന്റെ വഴിക്ക് വിടുക- തുടങ്ങിയ കാര്യങ്ങളൊക്കെ ഞാൻ ആ കഥാപാത്രത്തിൽ നിന്നും പഠിച്ചതാണ്. സാധാരണ സീരിയൽ- സിനിമ അഭിനയമൊക്കെ ഒരു ജോലി പോലെയാണ്, ‘വാനമ്പാടി’ പക്ഷേ അതിനുമപ്പുറത്തേക്ക് ഒരു ആത്മബന്ധം ഉണ്ടാക്കിയിട്ടുണ്ട്.” നിർമ്മല പറഞ്ഞതിങ്ങനെ.

Read more: നാലു വർഷത്തിനിടെ എന്റെ പേരിനേക്കാളും ആളുകൾ എന്നെ വിളിച്ചത് നിർമ്മലയെന്നാണ്; ‘വാനമ്പാടി’ താരം ഉമാ നായര്‍ അഭിമുഖം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook