സിനിമകളിലൂടെയും മിനി സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി വീണ നായർ. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായും വീണ ശ്രദ്ധ നേടിയിരുന്നു. വീണ നായരും ഭർത്താവ് ആർ ജെ അമനും വേർപിരിഞ്ഞുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഏറെനാളായി പ്രചരിക്കുന്നുണ്ട്. ആദ്യമായി വിവാഹമോചനവാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് വീണ നായർ. രണ്ടു വർഷമായി താനും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു വീണയുടെ വെളിപ്പെടുത്തൽ.
‘ഞാൻ നാളെ ഒരു പ്രണയത്തിൽ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത വ്യക്തിയാണ് അദ്ദേഹം. എന്റെ കുഞ്ഞിന്റെ അച്ഛനാണ്. ആ സ്ഥാനം ഞാൻ എന്ത് ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ വേർപിരിഞ്ഞാണ് കഴിയുന്നത്. ഞാനിത് ആദ്യമായാണ് തുറന്നുപറയുന്നത്. രണ്ടു വർഷമായി ഞാൻ കൊച്ചിയിലാണ് താമസം. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്. അമൻ മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവൻ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എൻജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അറിയണമെങ്കിൽ അവിടെ തന്നെ പോകണം. നാളെ അവൻ വലുതാകുമ്പോൾ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്,’ വീണ പറഞ്ഞു.
കുട്ടിക്കാലം മുതൽ നൃത്തം പരിശീലിക്കുന്ന വീണ സ്കൂൾ കാലത്ത് കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏഷ്യാനെറ്റിലെ ‘എന്റെ മകൾ’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മുൻപ് അമനും വേർപിരിഞ്ഞ കാര്യം സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചിരുന്നു. “കഴിഞ്ഞ അധ്യായം വായിച്ചു കൊണ്ടിരുന്നാൽ നിങ്ങൾക്ക് ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാനാവില്ല. എന്റെ വിവാഹമോചനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ, ആളുകൾ കൂടുതൽ കഥകൾ മെനയാതിരിക്കാൻ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സമയമായെന്നു തോന്നുന്നു. അതെ ഞങ്ങൾ വേർപിരിഞ്ഞു. എന്നാൽ മകനെ ആലോചിച്ച് ഞങ്ങൾ ഇതുവരെ വിഹാമോചനം നേടിയിട്ടില്ല. ഒരു അച്ഛന്റെ ചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറാൻ അതൊരു കാരണമാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മകനു വേണ്ടി ഞാനെന്നും അവിടെയുണ്ടാകും. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോവുക അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോൾ കഠിനമാകും. നമ്മൾ കരുത്ത് നേടണം. സാഹചര്യം മനസ്സിലാക്കി, മുന്നോട്ടു പോകാനുള്ള പിന്തുണ എനിക്ക് നൽകണമെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നു,” അമൻ കുറിച്ചു.
2014ലായിരുന്നു ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമിയും (ആർജെ അമൻ) വീണയും വിവാഹിതരായത്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ.