മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വരദ. ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് ആരാധകരുമായി പങ്കിടുകയാണ് വരദ. കൊച്ചിയിൽ സ്വന്തമായൊരു ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് നടി. ഗൃഹപ്രവേശചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വരദ ഷെയർ ചെയ്തിട്ടുണ്ട്.
“പുതിയ വീട്, പുതിയ പ്രതീക്ഷ. ഒരുപാട് നാളത്തെ എന്റെ ഒരു സ്വപ്നം ഇന്നലെ യാഥാർഥ്യമായി. കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ്. ഒരുപാട് പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും ഇന്നലെ മുതൽ അവിടെ താമസം തുടങ്ങി. എന്റെ മമ്മിക്കും പപ്പയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. അവരില്ലായിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ നിൽക്കാൻ കഴിയില്ലായിരുന്നു. ഒപ്പം എന്റെ സുഹൃത്തുക്കൾക്ക് നന്ദി പറയുന്നു, മാനസികമായും വൈകാരികമായും എന്നെ പിന്തുണച്ചതിന്. എന്റെ കൂടെ കട്ടക്ക് നിന്ന എല്ലാവര്ക്കും ഒരിക്കൽ കൂടി നന്ദി!,” വരദ കുറിച്ചു.
2006 ൽ പുറത്തിറങ്ങിയ ‘വാസ്തവം’ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു വരദ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ ‘സുൽത്താൻ’ എന്ന ചിത്രത്തിൽ വരദ നായികയായും അഭിനയിച്ചിരുന്നു. സീരിയലുകളാണ് വരദയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കിയത്.
2014 മേയ് 25-നാണ് മഴവിൽ മനോരമയിലെ ‘അമല’ എന്ന സീരിയലിൽ നായികയായി അഭിനയിക്കുമ്പോൾ അതേ സീരിയലിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഹതാരം ജിഷിൻ മോഹനെ വിവാഹം കഴിക്കുന്നത്. ഇവർ ജിയാൻ എന്ന ഒരു മകനുണ്ട്.
അടുത്തിടെ വരദയും ഭര്‍ത്താവ് ജിഷിന്‍ മോഹനും വേര്‍പിരിഞ്ഞു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിൽ ഇതുവരെ ജിഷിനോ വരദയോ പ്രതികരിച്ചിട്ടില്ല.