ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന സീരിയലിലൂടെ സുപരിചിതയായ താരമാണ് സോനു സതീഷ്. നടിയും നര്‍ത്തകിയുമായ സോനു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രസവ ശേഷം താന്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെപ്പറ്റിയാണ് സോനു പറയുന്നത്.
‘ മാതൃത്വം എന്നതിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ തികയാതെ വരും. പ്രസവ ശേഷം എനിക്കു 20 കിലോ ഭാരം കൂടിയിരുന്നു. എന്റെ വയറില്‍ സ്‌ട്രെച്ച് മാര്‍ക്കുകളുണ്ട്. എനിക്കു നടുവേദനയും തലവേദനയും ഉണ്ടാകാറുണ്ട്. നഷ്ടപ്പെട്ടു പോയ ശരീര സൗന്ദര്യം വീണ്ടെടുക്കാന്‍ സമയം എടുക്കുമെന്നു എനിക്കറിയാം. പക്ഷെ എല്ലാത്തിനു വലുത് ഒരമ്മയ്ക്കു അവരുടെ കുഞ്ഞ് തന്നെയാണ്. കുഞ്ഞിനു വേണ്ടി അമ്മ എന്തും സഹിക്കും. അതുകൊണ്ട് പ്രസവ ശേഷമുളള സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുന്ന സഹോദരങ്ങളോടു പറയാനുളളത് ഈ പ്രക്രിയ നിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കൂ, മനസ്സിലായില്ലെങ്കില്‍ നിങ്ങളുടെ അമ്മയോടു ചോദിച്ചു നോക്കൂ. പ്രസവ ശേഷം നിങ്ങളൊരു സ്ത്രീയെ കാണുമ്പോള്‍ അവരുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാതെ നിങ്ങള്‍ക്കു സുഖമാണോ എന്നു ചോദിക്കുന്നതാണ് നല്ലത്’ സോനു കുറിച്ചു.
സോനുവിനെ അഭിനന്ദിച്ചു കൊണ്ട് അനവധി പേര്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. തങ്ങള്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഇത്തരം അവസ്ഥകളെപ്പറ്റി അവരും പറയുന്നു. സോനുവിനു മൂന്നു മാസം മുന്‍പ് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. അജയാണ് സോനുവിന്റെ ഭര്‍ത്താവ്.