വർഷങ്ങളായി ജീവിതത്തിൽ ഒരു പോരാളിയുടെ വേഷമാണ് നടി ശരണ്യ ശശിയ്ക്ക്. ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങൾ കെടുത്താൻ എത്തുന്ന കാൻസറിനെ ഓരോ തവണയും പൊരുതി തോൽപ്പിക്കുകയാണ് ഈ പെൺകുട്ടി. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ പതിനൊന്നു തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയകളും കാന്‍സര്‍ ചികിത്സ ഏല്‍പ്പിച്ച വേദനകളുമെല്ലാം മനശക്തി കൊണ്ട് അതിജീവിച്ച് ജീവിതത്തിലേക്ക് പിച്ച വെച്ചു തുടങ്ങിയ ശരണ്യയെ തേടി വീണ്ടും ട്യൂമർ എത്തിയെന്ന സങ്കടകരമായ വാർത്തയാണ് നടി സീമ ജി നായർ പങ്കു വയ്ക്കുന്നത്. ഇത്തവണ ട്യൂമറിനൊപ്പം ഇടിത്തീ പോലെ കോവിഡും ബാധിച്ചത് ആശങ്കയുണ്ടാക്കുന്നുവെന്നും സീമ പറയുന്നു.
“എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയിലാണ്. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. സ്പൈനല്‍ കോഡിലേക്ക് അസുഖം സ്പ്രെഡ് ചെയ്തു. വീണ്ടുമൊരു സര്‍ജറി സ്പൈനൽ കോഡിൽ നടത്താന്‍ കഴിയില്ല. പെട്ടന്നു തന്നെ ശരണ്യയെ ആർസിസിലേയ്ക്ക് കൊണ്ടുചെന്നു. ജൂൺ മൂന്നിന് കീമോ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ 23-ാം തീയതിയാണ് ശരണ്യക്കും അമ്മയ്ക്കും സഹോദരനും കോവിഡ് ബാധിച്ചത്. എന്ത് പറയണം എന്നു പോലും അറിയില്ല.”
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ശരണ്യ ഇപ്പോഴുള്ളതെന്നും എല്ലാവരും കൂടെയുണ്ടാകണമെന്നും ശരണ്യക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും സീമ വീഡിയോയിൽ പറയുന്നു.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012 ലാണ് ആദ്യം ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ബ്രെയ്ൻ ട്യൂമറുമായി ബന്ധപ്പെട്ടും തൈറോയ്ഡ് ക്യാൻസറുമായി ബന്ധപ്പെട്ടും പതിനൊന്നു സർജറികൾ ആണ് ഇതു വരെ നടന്നത്. തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവ്വമായ കേസായാണ് ഡോക്ടർമാരും നോക്കി കാണുന്നത്.
കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയൽ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്. നടി സീമ ജി നായരുടെ നേതൃത്വത്തിൽ ശരണ്യക്കായി തിരുവനന്തപുരത്ത് ഒരു വീടും അടുത്തിടെ പണിതുനൽകിയിരുന്നു.
‘ചാക്കോ രണ്ടാമൻ’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ഏറെ ശ്രദ്ധ നേടിയത്.