scorecardresearch
Latest News

ഇതു നമ്മളൊരുമിച്ചുള്ള അവസാനചിത്രമാവുമെന്ന് ഓർത്തില്ലല്ലോ ചേച്ചീ; രശ്മിയുടെ മരണത്തിൽ വേദനയോടെ ചന്ദ്ര ലക്ഷ്മൺ

സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ രശ്മി ജയഗോപാൽ അന്തരിച്ചു

ഇതു നമ്മളൊരുമിച്ചുള്ള അവസാനചിത്രമാവുമെന്ന് ഓർത്തില്ലല്ലോ ചേച്ചീ; രശ്മിയുടെ മരണത്തിൽ വേദനയോടെ ചന്ദ്ര ലക്ഷ്മൺ

സീരിയൽ താരം രശ്മി ജയഗോപാലിന്റെ മരണത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകർ. ഞായറാഴ്ചയാണ് രശ്മിയുടെ അന്തരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. 51 വയസ്സായിരുന്നു.

“എന്റെ വിചിത്രമായ സ്വപ്നത്തിൽ പോലും ഇത് ഞങ്ങൾ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞങ്ങളുടെ പ്രിയപ്പെട്ട രശ്മി ചേച്ചി, എന്റെ ചേച്ചി എന്നെന്നേക്കുമായി അവളുടെ കൃഷ്ണന്റെ കൂടെയിരിക്കാൻ പോയി. അവൾ സ്നേഹത്തിന്റെ പ്രതിരൂപമാണ്, അവൾ കരുതലോടെ എല്ലാവരുടെയും ജീവിതത്തെ സ്പർശിച്ചു. ഇന്ന് നമുക്ക് അവളെ നഷ്ടപ്പെട്ടു, അവളുടെ സാന്നിധ്യമില്ലാതെ ഷൂട്ടിംഗ് സ്പോട്ടിൽ കഴിയുന്നത് ചിന്തിക്കുന്നത് ഞങ്ങൾക്കെല്ലാവർക്കും വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സുജാതയിലെ എല്ലാവരും അവളെ മിസ് ചെയ്യും.. വ്യക്തിപരമായി നോക്കുമ്പോൾ, ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കുടുംബാംഗത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. കഴിയുമെങ്കിൽ മടങ്ങി വരൂ ചേച്ചീ,” എന്നാണ് എന്ന് സ്വന്തം സുജാതയിൽ രശ്മിയുടെ സഹതാരമായ നടി ചന്ദ്രലക്ഷ്മണൻ കുറിച്ചത്. രശ്മിയ്ക്ക് ഒപ്പം അവസാനമായി പകർത്തിയ ചിത്രവും ചന്ദ്ര ഷെയർ ചെയ്തിട്ടുണ്ട്.

രശ്മിയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് നടൻ കിഷോർ സത്യയും. “രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല, സ്വന്തം സുജാതയിലെ സാറാമ്മ എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും. ഈ പുഞ്ചിരി ഇനി ഇല്ല, സാറാമ്മ പോയി. രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ. പക്ഷെ,രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ….. ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ, പ്രിയ ജീവിതമേ ഒന്നൊഴിവാക്കൂ. ആദരവിന്റെ അഞ്ജലികൾ.” കിഷോർ സത്യ കുറിച്ചു.

അമൃത ടിവിയിലെ സത്യം ശിവം സുന്ദരം ആയിരുന്നു രശ്മിയുടെ ആദ്യ സീരിയൽ. സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിലും രശ്മി അഭിനയിച്ചു. സൂര്യയിലെ സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രമാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ രശ്മിയെ ശ്രദ്ധേയയാക്കിയത്.

ബാംഗ്ലൂർ സ്വദേശിയാണ് രശ്മി. പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി അഭിനയരംഗത്ത് തുടക്കംകുറിയ്കുന്നത്. പിന്നീട് തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. മലയാളത്തിൽ ഒരു നല്ല കോട്ടയംകാരൻ ഉൾപ്പെടെ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

രശ്മിയുടെ ഭർത്താവ് ജയഗോപാൽ അമ്പലത്തിൽ മേൽശാന്തിയാണ്. മകൻ പ്രശാന്ത് കേശവ് ബാംഗ്ലൂരിൽ ജി ഇ സി ജെൻപാക്റ്റിൽ പ്രൊസസിംഗ് ഓഫീസറായി വർക്ക് ചെയ്യുകയാണ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Actress rashmi jayagopal passes away swantham sujatha serial saramma