മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചന്ദ്രയും ടോഷും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. സ്വന്തം സുജാതയുടെ സെറ്റിൽ വെച്ചാണ് ടോഷും ചന്ദ്രയും ആദ്യമായി കാണുന്നതും പ്രണയത്തിലായതും.
ഇപ്പോൾ, ജീവിതത്തിലെ ഒരു സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കിടുകയാണ് ചന്ദ്രയും ടോഷും. തങ്ങൾ അച്ഛനുമമ്മയും ആവാൻ പോവുന്നുവെന്നും ചന്ദ്ര ഗർഭിണിയാണെന്നുമുള്ള വിശേഷം യൂട്യൂബ് ചാനലിലൂടെയാണ് ചന്ദ്രയും ടോഷും ആരാധകരെ അറിയിച്ചത്.
ഇരുവരുടെയും വിവാഹം നടന്ന കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ചാണ് പുതിയ വീഡിയോയും ഷൂട്ട് ചെയ്തത്. വിവാഹം നടന്ന അതേ റിസോർട്ടിൽ വച്ചു തന്നെ ഈ സന്തോഷവാർത്ത അറിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു.
‘മനസെല്ലാം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തുന്നത്. സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, കാക്കി തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും ചന്ദ്ര അഭിനയിച്ചിട്ടുണ്ട്.
കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് ടോഷ് ക്രിസ്റ്റി ശ്രദ്ധ നേടിയത്.