തിങ്കളാഴ്ചയായിരുന്നു നടി അപ്സര രത്നാകരും സംവിധായകന് ആല്‍ബി ഫ്രാന്‍സിസും തമ്മിലുള്ള വിവാഹം. ഇരുവരുടെയും വിവാഹചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നുകൊണ്ടിരിക്കുന്നു.ഒപ്പം തന്നെ, അപ്സരയുടെ രണ്ടാം വിവാഹമാണിതെന്നും ഒരു മകനുണ്ടെന്നും എന്ന രീതിയിലുള്ള ഗോസിപ്പുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, അത്തരം വാർത്തകളോട് പ്രതികരണം അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ് അപ്സരയും ആല്‍ബി യും.
“വിവാഹസമയത്ത് തങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ഞങ്ങളുടെ സഹോദരങ്ങളുടെ കുട്ടികളാണ്.അല്ലാതെ ഞങ്ങൾക്ക് രണ്ടുപേർക്കും കുട്ടികളില്ല. വിവാഹവേദിയിൽ മകനെ ഗൗനിക്കാത്ത അമ്മ എന്നൊക്കെയുള്ള ഗോസിപ്പുകൾ ഞങ്ങളെ മാനസികമായി വിഷമിപ്പിച്ചതുകൊണ്ടാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്,” അപ്സര വ്യക്തമാക്കി.
ചോറ്റാനിക്കരയില്‍ വെച്ചായിരുന്നു അപ്സരയുടെയും ആല്‍ബിയുടെയും വിവാഹം. രണ്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്.
അപ്സര പ്രധാനവേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന് ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ അപ്സര എട്ടു വര്‍ഷത്തോളമായി സീരിയൽ ലോകത്തെ സ്ഥിരസാന്നിധ്യമാണ്. ഇരുപത്തിരണ്ടിലേറെ സീരിയലുകളില്‍ ഇതിനകം അപ്സര അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
ആല്‍ബി തൃശൂര്‍ സ്വദേശിയാണ്. പത്തുവര്‍ഷമായി ടെലിവിഷന്‍ രംഗത്ത് സജീവമായ ആൽബി നിരവധി ഷോകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവതാരകൻ എന്ന രീതിയിലും ആൽബി ശ്രദ്ധ നേടിയിട്ടുണ്ട്.