മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് യദു കൃഷ്ണൻ. ബാലതാരമായി എത്തി പിന്നീട് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവമാകുകയായിരുന്നു യദു. അമ്മയുടെ മരണ വാര്‍ത്ത അറിയിച്ചുകൊണ്ട് യദുകൃഷ്ണൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം. അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി. അറിവായകാലം മുതൽ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ. യാത്ര പോകുമ്പോൾ ഒരുമണിക്കൂർ ഇടവിട്ട് വരുന്ന ആ കാൾ, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതൽ… ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഊർജം, എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമിപ്യം.. അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ… അമ്മ പറയാറുള്ളതുപോലെ, മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസവും. അമ്മക്ക് ഒരായിരം ഉമ്മ. ആത്‍മാവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണം,” യദു കൃഷ്ണൻ കുറിക്കുന്നു.
1986 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലെ ഇതിലെ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു യദുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. സന്മനസ്സുള്ളവർക്ക് സമാധാനം, ഉണ്ണികളെ ഒരു കഥ പറയാം, കിരീടം, കമലദളം, ചെങ്കോൽ, കിരീടം, മീനത്തിൽ താലിക്കെട്ട്, പെരുമഴക്കാലം, കയ്യെത്തും ദൂരത്ത്, തൊമ്മനും മക്കളും, സ്പീഡ്, വൺ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ യദു കൃഷ്ണൻ വേഷമിട്ടിട്ടുണ്ട്.