ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ സിനിമാ സീരിയൽ ഷൂട്ടുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടയിൽ ചില സീരിയലുകൾ അവസാനിച്ചുവെന്ന തരത്തിൽ വ്യാജപ്രചാരണങ്ങളുമുണ്ടായി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ സാന്ത്വനം അവസാനിച്ചുവെന്ന തരത്തിലും വ്യാജ വാർത്തകൾ വന്നു. കുറച്ചു നാളത്തേക്ക് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നതല്ലെന്ന് ചാനലിന്റെ ഭാഗത്തു നിന്നു വന്ന അറിയിപ്പാണ് ഇത്തരം വാർത്തകൾക്ക് ആധാരം.
ഇതോടെ ‘സാന്ത്വനം’ പരമ്പര അവസാനിച്ചോ? എന്നു ഷൂട്ട് തുടങ്ങും? എന്നു ചോദിച്ച് ആരാധകർ പരമ്പരയിലെ താരങ്ങൾക്ക് മെസേജുകൾ അയക്കാൻ തുടങ്ങി. ആരാധക ചോദ്യങ്ങൾക്ക് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ് പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ.
Read More: ‘കൂടെവിടെ’ സീരിയലിൽ നിന്നും പിന്മാറിയോ? പ്രതികരിച്ച് അൻഷിത
സാന്ത്വനം എന്നു തുടങ്ങുമെന്ന് ചോദിച്ച് ഒരുപാട് പേർ തനിക്ക് മെസേജ് അയക്കുന്നുണ്ടെന്നും അതിനാലാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതെന്നും സജിൻ പറയുന്നു. സർക്കാരിന്റെ പെർമിഷൻ ലഭിച്ചാൽ ഉടൻ സാന്ത്വനം ഷൂട്ട് തുടങ്ങുമെന്നും സാന്ത്വനം ഫുൾ ടീം ഷൂട്ട് തുടങ്ങാനായി കാത്തിരിക്കുകയാണെന്നും സജിൻ പറയുന്നു. പഴയതിനെക്കാൾ കൂടുതൽ മനോഹരമായ എപ്പിസോഡുകളുമായിട്ടായിരിക്കും ഞങ്ങൾ വരിക. ഇപ്പോൾ ആരാധകർ തന്നുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് നന്ദിയെന്നും സാന്ത്വനം എത്രയും പെട്ടെന്ന് തുടങ്ങുമെന്നും സജിൻ പറഞ്ഞു.
ഏഷ്യാനെറ്റിലെ പരമ്പരകൾക്കിടയിൽ ഏറെ പ്രേക്ഷകരുള്ള ഒന്നാണ് സാന്ത്വനം. ചിപ്പി രഞ്ജിത്ത്, രാജീവ് എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ഈ പരമ്പരയിലെ താരങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. സജിൻ, രക്ഷ, ഗോപിക, ഗിരീഷ്, അച്ചു എന്നിവരാണ് സീരിയലിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. തമിഴിൽ വൻഹിറ്റായി സംപ്രേക്ഷണം തുടർന്നുകൊണ്ടിരിക്കുന്ന പാണ്ടിയൻ സോഴ്സ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ഇത്.