/indian-express-malayalam/media/media_files/uploads/2023/07/Binu-Adimali-Kollam-Sudhi.jpg)
കൊല്ലം സുധിയെ ഓർത്ത് ബിനു അടിമാലി
ഒന്നിച്ച് വേദി പങ്കിട്ട്, ഒരുമിച്ച് സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചതിനു ശേഷം പതിവുപോലെ കളി ചിരികളുമായി ഒരു കാറിൽ യാത്ര തുടർന്ന രണ്ടു സുഹൃത്തുക്കൾ. യാത്രയ്ക്കിടയിൽ എന്തോ ശബ്ദം കേട്ട് ഞെട്ടിയുണരുമ്പോൾ കാണുന്നത് പ്രിയ കൂട്ടുകാരന്റെ കരച്ചിലാണ്. കൺമുന്നിൽ നിന്നും പ്രിയചങ്ങാതി മരണത്തിലേക്ക് പോയതിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല ബിനു അടിമാലിയെ.
കൊല്ലം സുധിയുടെ ജീവൻ കവർന്ന ആ അപകടത്തിൽ തൊട്ടു പിറകിലെ സീറ്റിലായി ബിനു അടിമാലിയും ഉണ്ടായിരുന്നു. അപകടത്തിൽ ബിനുവിനും മുഖത്ത് സാരമായ പരുക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് മുഖത്ത് ഒരു കുഴിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുധി പോയതിനു ശേഷം ആദ്യമായി സ്റ്റാർ സിംഗർ വേദിയിലെത്തിയപ്പോൾ ബിനു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കാഴ്ചക്കാരുടെ കണ്ണു നനയിപ്പിക്കുന്നത്.
"അവൻ ചിരിക്കുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ, മുഖത്തൊരു കുഴിയുണ്ടാവും. ആ കുഴി ഇവിടെ തന്നിട്ടാ അവൻ പോയത്," ബിനു പറയുന്നു.
വർഷങ്ങളായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ബിനുവും സുധിയും. സുധിയുടെ അവസാനത്തെ സ്റ്റേജ് ഷോയും ബിനുവിനൊപ്പമായിരുന്നു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ജനറൽ ബോഡി യോ​ഗത്തിൽ പങ്കെടുത്തപ്പോഴും സുധിയെ കുറിച്ചാണ് ബിനു കൂടുതലും സംസാരിച്ചത്.
"പത്തു പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് ഞാൻ ഒന്നു ചിരിക്കുന്നത്. അത് നമ്മുടെ മാ സംഘടനയുടെ പരിപാടിയ്ക്ക് വന്നതുകൊണ്ടാണ്. ഭംഗിവാക്കു പറയുകയല്ല. എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ സുധി കയറി വരും, ഉറങ്ങാൻ കിടക്കുമ്പാൾ അവന്റെ ഓർമകളാണ്. ഉറങ്ങാൻ പറ്റാറില്ല. ഇന്ന് ഡോക്ടറുടെ അടുത്ത് ചെക്കപ്പിനു പോയ വഴിയാണ് വരുന്നത്. ഇവിടെ വന്ന് എല്ലാവരെയും കണ്ടപ്പോൾ പാതി സമാധാനമായി. പകുതി അസുഖം കുറഞ്ഞത് പോലെ തോന്നുന്നു. എന്റെ ഹൗസ് വാമിങ്ങിനു വിളിച്ചിട്ടു പോലും വരാത്ത താരങ്ങളൊക്കെ വയ്യാതെ കിടന്നപ്പോൾ വീട്ടിൽ കാണാനെത്തി. അതാണ് ആളുകളുടെ സ്നേഹം," സുധിയുടെ ഓർമകൾ പങ്കിട്ട് ബിനു അടിമാലി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us