മറാത്തി സിനിമ- സീരിയൽ താരം ആശലത വാബ്ഗാവ്കർ കോവിഡ് ബാധിച്ചു മരിച്ചു. 79 വയസ്സായിരുന്നു. ടിവി സീരിയലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു മരണം.

നൂറിലേറെ മറാത്തി സിനിമകളിലും നിരവധി മറാത്തി, കൊങ്കിണി നാടകങ്ങളിലും അഭിനയിച്ച നടിയാണ് ആശലത. വോ സാത് ദിൻ, നമക് ഹലാൽ, ഷൗകിൻ, അഹിസ്ത അഹിസ്ത, അങ്കുഷ്, കൂലി, സദ്മ, ഗയാൽ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.

65 വയസ്സിനു മുകളിൽ പ്രായമുള്ള അഭിനേതാക്കൾക്ക് ഷൂട്ടിംഗ് വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ നിർദേശം ബോംബെ ഹൈക്കോടതി റദ്ദാക്കിയതിനു ശേഷം വീണ്ടും ഷൂട്ടിംഗിനായി​ എത്തിയതായിരുന്നു ആശലത. കഴിഞ്ഞ ഒരുമാസമായി സതരയിൽ മറാത്തി സീരിയലായ എയ് മജി കലുബായിയുടെ ലൊക്കേഷനിലായിരുന്നു അവർ. സീരിയൽ പ്രൊഡക്ഷൻ ടീമിലെ 22 അംഗങ്ങളോടൊപ്പം കഴിഞ്ഞ ആഴ്ചയാണ് ആശലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ ആശലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സതരയിലെ പ്രതിഭ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് അന്ത്യം സംഭവിച്ചത്. താരത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും എന്നാൽ പ്രായാധിക്യമൂലമുള്ള ആരോഗ്യപ്രശ്നങ്ങളാൽ രക്ഷിക്കാനായില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

Read more: ടെലിവിഷൻ താരം ശ്രാവണി ആത്മഹത്യ ചെയ്ത നിലയിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook