Latest News

എന്നു വരും ‘വി കൺസോൾ’? പണം നൽകേണ്ടി വരുമോ? ഉത്തരങ്ങളുമായി ആപ്പ് നിർമാതാക്കൾ

മലയാളമടക്കം എട്ടു ഭാഷകളിൽ, ഓണ്‍ലൈന്‍ പഠനത്തിനും ടെലിമെഡിസിനും ഉപയോഗിക്കാം

V Consol Video Conferencing Joy Sebastian

കൊച്ചി: സൂമിനും ഗൂഗിള്‍ മീറ്റിനും പകരം ഉപയോഗിക്കാവുന്ന വീഡിയോ കോൺഫറൻസിങ്ങ് ആപ്പായ വികൺസോൾ (vconsol) ഉടൻ വിപണിയിലെത്തുമെന്ന് ആപ്പ് വികസിപ്പിച്ച സ്റ്റാർട്‌അപ് കമ്പനി.  ആലപ്പുഴ സ്വദേശി ജോയ് സെബാസ്‌റ്റ‌്യന്റെ നേതൃത്വത്തിലുള്ള ‘ടെക്‌ജൻഷ്യ’ കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ ‘ടെക്‌ജൻഷ്യ’ കമ്പനി ഒന്നാം സമ്മാനം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിങ് ടൂളായി ‘വീ കൺസോൾ’ മാറുകയും ചെയ്തു.

എന്ന് വിപണിയിലെത്തും?

വി കണ്‍സോള്‍ അടുത്ത മാസം വിപണിയിലെത്തുമെന്ന് സ്റ്റാർട്ടപ്പ് കമ്പനി അറിയിച്ചു. ഈ സാമ്പത്തികവര്‍ഷം പത്തുലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ആപ്പ് വിപണിയിലെത്തിക്കുക. കോവിഡ് കാലത്ത് വിഡിയോ കോണ്‍ഫറന്‍സ് (വിസി) സംവിധാനം ഏറ്റവുമധികം ആവശ്യമുള്ള മേഖലകളായ ഓണ്‍ലൈന്‍ അധ്യയനത്തിലും ടെലിമെഡിസിനിലുമായിരിക്കും വികണ്‍സോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജോയ് സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

വിദേശിയല്ലാത്ത വിസി ആപ് വേണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി വകുപ്പു നടത്തിയ ഗ്രാന്‍ഡ് ഇന്നോവേഷന്‍ ചാലഞ്ചിലാണ് രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളി വികണ്‍സോള്‍ ഒന്നാമതെത്തിയത്. ലോകമെങ്ങും പ്രചാരത്തിലുള്ള സൂം, ഗൂഗിള്‍ മീറ്റ് എന്നിവയെ കീഴടക്കാന്‍ പോന്ന സാങ്കേതികത്തികവുള്ള ആപ്പാണ് വി കൺസോൾ എന്ന് സ്റ്റാർട്ട് അപ്പ് കമ്പനി അഭിപ്രായപ്പെട്ടു.

Read More: ‘സൂം’ വേണ്ട, ‘വീ കൺസോൾ’ ഉണ്ട്; കേന്ദ്ര അംഗീകാരം നേടി കേരള കമ്പനി

ആപ്പ് സൗജന്യമാണോ?

ഒരേ സമയം 80 പേര്‍ക്ക് പങ്കെടുക്കാനും 300 പേര്‍ക്ക് വീക്ഷിക്കാനും കഴിയുന്ന വി കണ്‍സോള്‍ തല്‍ക്കാലത്തേയ്ക്ക് ചെറിയ ഫീസോടെയായിരിക്കും വിപണിയിലെത്തുന്നതെന്ന് ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു. മലയാളമടക്കം എട്ടു പ്രധാന ഇന്ത്യന്‍ ഭാഷകളിലായിരിക്കും ഇത് ലഭിക്കുക. വികസിപ്പിക്കാനും വിപണനം ചെയ്യാനുള്ള ചെലവിനുവേണ്ടിയാണ് ഫീസ് ഈടാക്കുന്നത്. പക്ഷേ ആദ്യ ആഴ്ച സൗജന്യമായി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ടാകും. തൃപ്തിപ്പെടുന്നുണ്ടെങ്കില്‍ മാത്രം വി കണ്‍സോള്‍ അവര്‍ പിന്നീട് ഫീസ് നല്‍കി ഉപയോഗിച്ചാല്‍ മതി.

ലോകത്തിന്‍റെ ഏത് കോണിലുമുള്ളവര്‍ക്കും വികണ്‍സോള്‍ ലഭ്യമാക്കാനുള്ള നിക്ഷേപവും വിഭവശേഷിയും കണ്ടെത്താനാണ് ടിഎസ്ടി ശ്രമിക്കുന്നതെന്ന് ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്നോവേഷന്‍ ചാലഞ്ചില്‍ ഒന്നാമതെത്തിയതിന് ഒരു കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി വികണ്‍സോള്‍ ആയിരിക്കും ഔദ്യോഗിക വീഡിയോ കോൺഫറൻസ് ആപ്. ഇതിനാവശ്യമായ സാങ്കേതിക പിന്തുണ ടിഎസ്ടി നല്‍കും.

ആപ് ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ ഓഫിസുകള്‍ക്ക് അത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. മൂന്നു വര്‍ഷത്തേയ്ക്കായിരിക്കും കേന്ദ്ര സര്‍ക്കാരുമായി കരാറിലേര്‍പ്പെടുന്നത്. ഓരോ വര്‍ഷവും മെയ്ന്‍റനന്‍സ് ഗ്രാന്‍റ് എന്ന നിലയില്‍ പത്തു ലക്ഷം രൂപ കേന്ദ്രം നല്‍കും. ആഗോളാടിസ്ഥാനത്തില്‍ വികണ്‍സോള്‍ വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലാണ് ജോയ് സെബാസ്‌റ്റ‌്യന്റെ ടെക്‌ജൻഷ്യ കമ്പനി പ്രവർത്തിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ ഐടി മേഖല ഊര്‍ജസ്വലമായി മുന്നേറുന്നുവെന്നതിനു തെളിവാണ് വികണ്‍സോള്‍ കൈവരിച്ച നേട്ടമെന്ന് കേരള ഐടി പാര്‍ക്ക്സ് സിഇഒ ശ്രീ ശശി പിഎം പറഞ്ഞു. ചെറുപട്ടണങ്ങളില്‍നിന്നുപോലും ലോകോത്തര ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കേരളത്തിനു കഴിയും. വിവരസാങ്കേതികവിദ്യയെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലേയ്ക്ക് എത്തിക്കാനുള്ള പരിശ്രമത്തിനു ഫലം കണ്ടുതുടങ്ങിയെന്നാണ് വികണ്‍സോളിന്‍റെ വിജയം തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Zoom google meet alternative vconsol launch free paid pricing options

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com