പുതിയ ‘യുണീക് ഹാൻഡിൽ’ ഫീച്ചറുമായി യൂട്യൂബ്. ക്രിയേറ്റേഴ്സിനെയും ഉപയോക്താക്കളെയും തിരിച്ചറിയാനായി യൂട്യൂബ് യുണിക് ഹാൻഡിൽ ഐഡി സഹായിക്കും. ഇൻസ്റ്റാഗ്രാം ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളിലേതിന് സമാനമായി തന്നെയാകും യൂട്യുബിലും ഈ സേവനം നടപ്പിലാക്കുക. ഗേമേഴ്സിനിടയിലും ഹാൻഡിലുകളുടെ ഉപയോഗം സാധാരണമാണ്.
നിങ്ങളുടെ ഇഷ്ട യൂട്യൂബ് ക്രിയേറ്റേഴ്സിനെ കണ്ടുപിടിക്കാൻ മാത്രമല്ല അവരെ മറ്റു പോസ്റ്റുകളിലേക്ക് ടാഗ് ചെയ്യാനും ഇത് സഹായിക്കും. ചാനലിന്റെ പേര് വച്ച് ആളുകളെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്, ഒരേ പേരുകളിൽ ഒന്നിലധികം ചാനലുകളുണ്ടാവുന്ന സാഹചര്യമുണ്ട്. അത്തരത്തിൽ ഈ സേവനം വളരെ സഹായകരമാണ്.
“ക്രിയേറ്റേഴ്സിന് അവരുടെ കണ്ടെന്റുകൾ പോലെ തന്നെ യുണിക്കായൊരു ഐഡന്റിറ്റിയുണ്ടാക്കാമെന്ന് ഞങ്ങൾ ഉറപ്പുതരുന്നു. അതുപോലെ തന്നെ അവരെ അന്വേഷിച്ചു വരുന്ന ഉപയോക്താക്കൾക്കും ധൈര്യം പകർന്നു കൊടുക്കാനും പരിശ്രമിക്കുന്നു.” പുതിയ സവിശേഷത അറിയിച്ചുകൊണ്ടുള്ള ബ്ലോഗ് പോസ്റ്റിൽ യൂട്യൂബ് പറയുന്നു.
ആദ്യം എല്ലാർക്കും യൂട്യൂബ് ഹാൻഡില്സ് ലഭിക്കില്ല
ഈ ആഴ്ച മുതൽ യൂട്യൂബ് ഹാൻഡിൽ സേവനം തുടങ്ങുമെങ്കിലും പതുക്കെ മാത്രമേ എല്ലാ ഉപയോക്താക്കളിലേക്കുമെത്തു. മറ്റു സമൂഹമാധ്യമങ്ങളിൽ പോലെ നിങ്ങൾ ജോയിൻ ചെയുമ്പോൾ തന്നെ ഇഷ്ടപെട്ട ഹാൻഡിൽ തിരഞ്ഞെടുക്കാൻ പറ്റില്ല. ആദ്യം വരുന്നവർക്ക് ആദ്യം നൽകുക എന്ന സമ്പ്രദായം യുണിക് ഹാൻഡ്ലിന്റെ കാര്യത്തിലുണ്ടാകില്ല.
ഒരു വലിയ ചാനലുമായി സാമ്യമുള്ള പേരാണ് നിങ്ങളുടെ ചാനലിനുള്ളതെങ്കിൽ, നിങ്ങളെക്കാൾ മുന്നേ തന്നെ ഹാൻഡിൽ തിരഞ്ഞെടുക്കാൻ അവർക്ക് അവസരം ലഭിക്കും. ഇഷ്ടപെട്ട ഹാൻഡിൽ തിരഞ്ഞെടുക്കാനുള്ള ചെറിയ ക്രിയേറ്റേഴ്സിൻറെ സാധ്യത കുറയും എന്ന് ഇതിൽ നിന്ന് മനസിലാക്കാം.
യുണിക് ഹാൻഡിൽ ഫീച്ചറിന് യോഗ്യമായ ക്രിയേറ്റേഴ്സിന് നോട്ടിഫിക്കേഷൻ ലഭിക്കുമെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്. സബ്സ്ക്രൈബേഴ്സിന്റെ എണ്ണം യൂട്യൂബിലെ സാന്നിധ്യം എന്നീ ഘടകങ്ങൾ അനുസരിച്ചാകും ഹാൻഡിൽ തിരഞ്ഞെടുക്കാൻ അനുമതി ലഭിക്കുക.
ഫീച്ചർ പ്രവർത്തിക്കാൻ ചാനലുകൾ ആക്ടിവായിരിക്കണം. വ്യത്യസ്ത ക്രിയേറ്റേഴ്സിന് ഒരു ചാനലിൽ നിന്ന് മറ്റൊരു ചാനലിലേക്ക് ഹാൻഡിൽ കൈമാറാൻ സാധിക്കുമോ എന്നതിൽ യൂട്യൂബ് യാതൊരു അറിയിപ്പും നൽകിയിട്ടില്ല.
ഒരിക്കൽ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നീട് ഹാൻഡിൽ മാറ്റാൻ കഴിയുമോയെന്നതിൽ വ്യക്തതയില്ല. ഇല്ലെങ്കിൽ ക്രിയേറ്റേഴ്സ്സ് ജീവിതകാലം ഒരു ഹാൻഡിൽ തന്നെ സ്ഥിരമായി കൊണ്ടുനടക്കേണ്ടി വരും. അതുകൊണ്ടു തന്നെ യൂട്യൂബ് അങ്ങനൊരു അവസരം നൽകുന്നത് വരെ ഹാൻഡിൽ തീരുമാനിക്കാൻ സമയം എടുക്കുന്നതായിരിക്കും ഉചിതം.