സാൻഫ്രാൻസിസ്കോ: ഔചിത്യമില്ലാത്ത വീഡിയോകൾക്ക് ഒപ്പം തങ്ങളുടെ പരസ്യം വരുന്നതിൽ പ്രതിഷേധിച്ച് പ്രമുഖ കോർപ്പറേറ്റ് കമ്പനികൾ പരസ്യം യൂ ടൂബിൽ നൽകുന്നത് നിർത്തുന്നു. അമേരിക്കന്‍ കമ്പനികളായ എ.ടി ആൻഡ് ടി, വെരിസോൺ കമ്മ്യൂണിക്കേഷൻ എന്നീ കമ്പനികള്‍ യു ടൂബിന് പരസ്യം നൽകുന്നതിൽ നിന്നും പിൻമാറുന്നതായി അറിയിച്ച് പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു.

ഭീകര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതും അരോചകവുമായ വീഡിയോകൾക്ക് ഒപ്പം തങ്ങളുടെ പരസ്യം വരുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. ഇതോടെ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് യൂ ടൂബിന് ഉണ്ടാവുക.

ഗൂഗിൾ പരസ്യങ്ങൾ ലഭ്യമാക്കുന്ന 20 ലക്ഷം സൈറ്റുകളിൽ നിന്ന് എ.ടി ആൻഡ് ടി തങ്ങളുടെ പരസ്യങ്ങൾ പിൻവലിച്ചിട്ടുണ്ട്. തങ്ങളുടെ വെബ്സൈറ്റ് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂ ട്യൂബിൽ നിന്ന് പരസ്യങ്ങൾ പിൻവലിക്കുന്നതെന്നാണ് വെരിസോണിന്റെ ഭാഷ്യം.

നേരത്തെ, ഫോക്സ്‍വാഗൻ, ഔഡി, എച്ച്.എസ്.ബി.സി, ഹോൾഡിംഗ്സ്, ദ റോയൽ ബാങ്ക് ഓഫ് സ്കോട്ലാന്റ്, എൽ ഓറിയൽ എന്നീ സ്ഥാപനങ്ങളും യൂ ടൂബിന്റെ ഇത്തരം പരസ്യ ക്രമീകരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ