ഈ ആഴ്ച ആദ്യം ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ക്കായി യൂട്യൂബ് തങ്ങളുടെ ഡിസൈന്‍ പുതുക്കിയിരുന്നു. ആപ്പിന്റെ ഇന്റര്‍ഫേസിലാണ് കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നത്. സാധാരണയായി ഉപയോഗിക്കുന്ന ബട്ടണുകളുടെയും ടൂള്‍സിന്റെയും രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡിസൈനിലെ മാറ്റങ്ങള്‍ക്ക് പുറമെ ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന പല ഫീച്ചറുകളും ഈ അപ്‌ഡേറ്റിലുണ്ട്.
പുതുക്കിയ യൂസര്‍ ഇന്റര്‍ഫേസ്(യു ഐ)
ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് വരുന്ന ‘ലൈക്ക്’, ‘ഡിസ്ലൈക്ക്’ ‘ഷെയര്‍’ ബട്ടണുകള്‍ക്ക് പുതിയൊരു മുഖം കൊടുത്തു കൊണ്ട് യുഐക്ക് യോജിച്ച ബട്ടണ്‍സാക്കി മാറ്റി. പുതിയ നിറത്തോടെ സബ്‌സ്‌ക്രൈബ് ബട്ടണ്‍ സ്‌ക്രീനിന്റെ വലതുഭാഗത്തായി ക്രമീകരിച്ചിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കാണാനും ക്ലിക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും.
പുതിയ ഡാര്‍ക്ക് മോഡ്
ആപ്പിന്റെ ഇരുണ്ട ഭാഗങ്ങള്‍ കുറച്ച് കൂടി ഇരുണ്ടതാക്കാനായി യൂട്യൂബ് ബാക്ക്ഗ്രൗണ്ട് നിറങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഒരുപാട് യൂട്യൂബര്‍സ് ഉന്നയിച്ച ആവശ്യമായിരുന്നു ഇത്. ഡാര്‍ക്ക് മോഡില്‍ യൂട്യൂബിലെ വെളുത്ത നിറത്തില്‍ കാണുന്ന ഭാഗങ്ങള്‍ക്ക് പകരം മാറ്റിസ്ഥാപിച്ച ചാരനിറത്തിലുള്ള ഷേഡുകള്‍ പലര്‍ക്കും അത്ര ഇരുണ്ടതായിരുന്നില്ല. പുതിയ രൂപം കൂടുതല്‍ ഡാര്‍ക്ക് ഷെയ്ഡ് ഉറപ്പാക്കുന്നു. അതുകൊണ്ടുതന്നെ ഇനിമുതല്‍ ഡാര്‍ക്ക് മോഡ് മികച്ച അനുഭവം നല്‍കുമെന്നും കമ്പനി പറയുന്നു.
വര്‍ണ്ണാഭമായ ആംബിയന്റ് മോഡ്
യൂട്യൂബ് യൂസര്‍ ഇന്റര്‍ഫേസിന്റെ മുകള്‍ ഭാഗങ്ങളില്‍ നിങ്ങളുടെ വീഡിയോയില്‍ നിന്നുള്ള നിറങ്ങള്‍ ഗ്രേഡിയന്റ് ടെക്‌സ്ചറില്‍ കൊണ്ടുവരുന്നതാണ് ആംബിയന്റ് മോഡ്. ഇരുട്ട് മുറിയിലിരുന്ന് ടിവി കാണുമ്പോള്‍ നിറങ്ങളും വെളിച്ചവും വ്യാപിക്കുന്നതില്‍ നിന്ന് പ്രചോദനം കൊണ്ടതാണ് ഈ മാറ്റം. പ്ലേലിസ്റ്റുകളിലും ഇതേ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഇനി മുതല്‍ മങ്ങിയ ഗ്രേ നിറത്തിന് പകരം അടുത്ത വീഡിയോയുടെ നിറമാകും ഇതില്‍ കാണുക. ഡാര്‍ക്ക് മോഡ് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ആംബിയന്റ് മോഡ് ഉപയോഗിക്കാന്‍ കഴിയൂ.
കൃത്യതയോടെ നീക്കാം
ഒരു ഫ്രെയിം വീണ്ടും കാണാനായി പത്തു സെക്കന്റ് പിന്നോട്ട് പോവേണ്ടി വരുന്ന ബുദ്ധിമുട്ടിനിയുണ്ടാകില്ല. ഇനി വീഡിയോ മുന്നോട്ടോ പിന്നോട്ടോ നീക്കുമ്പോള്‍ മുകളിലേക്ക് നീക്കിയാല്‍ വീഡിയോയിലെ തംബ്‌നെയിലുകളുടെ ഒരു നിര കാണാനാകും. അതില്‍ നിന്ന് ആവശ്യമുള്ള ഫ്രെയിം തിരഞ്ഞെടുത്ത് കണ്ടുതുടങ്ങാം.
സൂം ചെയ്യാം
അതുപോലെ ആളുകള്‍ ഏറ്റവും കൂടുതല്‍ ഉന്നയിച്ച ആവശ്യമായിരുന്നു പിഞ്ച്-ടു-സൂം ഇതും യൂട്യൂബ് വിഡിയോസിലേക്ക് എത്തിയിരിക്കുകയാണ്. ഏതെങ്കിലും ഭാഗം വലുതായി കാണാന്‍ ആളുകള്‍ക്ക് വിഡിയോയില്‍ രണ്ട് വിരലുകള്‍ ഉപയോഗിച്ച് പിഞ്ച് ചെയ്ത് വലുതാക്കാം. സൂം ചെയ്ത കാഴ്ച സജീവമായി നിലനിര്‍ത്താന്‍ ഉപയോക്താക്കള്‍ പിഞ്ച് ചെയ്തുകൊണ്ടിരിക്കേണ്ട. പിഞ്ച് ഔട്ട് ചെയ്താല്‍ മാത്രമേ വീഡിയോ സൂം ഔട്ട് ആവുകയുള്ളൂ.