വാട്സ്ആപ്പ് വെബ്, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് ഇനി ഒന്നിലധികം ഉപകരണങ്ങളിൽ ഒരു അക്കൗണ്ട് തന്നെ ആക്സസ് ചെയ്യാൻ കഴിയും. മെറ്റയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം, നാല് സ്മാർട്ട് ഫോണുകളിൽ വരെ ഒരേ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും. വാട്സ്ആപ്പ് കുറച്ചു നാളുകളായി ഈ മൾട്ടി-ഡിവൈസ് ഫീച്ചറിനായി പ്രവർത്തിക്കുകയായിരുന്നു. ഇപ്പോൾ അത് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാകും.
ലിങ്ക് ചെയ്‌തിരിക്കുന്ന ഓരോ ഉപകരണവും (നാല് ഉപകരണങ്ങൾ ലിങ്ക് ചെയ്യാൻ കഴിയും) സ്വതന്ത്രമായി പ്രവർത്തിക്കും. ആദ്യ ഉപകരണത്തിൽ നെറ്റ്‌വർക്ക് ആക്‌സസ് ഇല്ലെങ്കിൽപ്പോലും, മറ്റു ഉപകരണങ്ങളിൽ സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയും. എന്നാൽ പ്രാഥമിക ഉപകരണം ദീർഘനേരമായി ആക്ടീവ് അല്ലെങ്കിൽ, മറ്റു ഉപകരണങ്ങളിൽനിന്നു വാട്സ്ആപ്പ് തനിയെ ലോഗ് ഔട്ട് ആകും. നാല് ഉപകരണങ്ങൾ എന്നത്, സ്മാർട്ട് ഫോണുകൾ മാത്രമോ അല്ലെങ്കിൽ പിസിയോ ഉൾപ്പെടുത്താം.
സ്‌മാർട്ട്‌ഫോണുകൾ ലിങ്ക് ചെയ്യുന്നതെങ്ങനെ എന്നറിയാം
ഇതിനായി ഒന്നിലധികം മാർഗങ്ങൾ ഉണ്ട്. മാത്രമല്ല, ഇതിനായി കൂടുതൽ മാർഗങ്ങൾ പുറത്തിറക്കുമെന്നും മെറ്റ സ്ഥിരീകരിച്ചു. ലിങ്ക് ചെയ്യാനായി സെക്കൻഡറി ഫോണിൽ മൊബൈൽ നമ്പർ നൽകുക. അതിനുശേഷം, പ്രാഥമിക ഉപകരണത്തിൽ ലഭിച്ച ഒടിപി നൽകുക. അതുപോലെ, ആദ്യ ഉപകരണത്തിലെ കോഡ് സ്‌കാൻ ചെയ്‌തും രണ്ടാമത്തെ ഉപകരണം ചേർക്കാൻ കഴിയും. ഒരേ സമയം ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലും ഇത്തരത്തിൽ ഒരു അക്കൗണ്ട് ലിങ്ക് ചെയ്യാൻ കഴിയും. അപ്ഡേറ്റ് വരും ആഴ്‌ചകളിൽ തന്നെ ലഭ്യമാകുമെന്ന്, മെറ്റ സ്ഥിരീകരിച്ചു.
പുതിയ ഫീച്ചർ ലഭിക്കുന്നതിനായി വാട്സ്ആപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക. മാത്രമല്ല, ലിങ്ക് ചെയ്യാൻ എടുക്കുന്ന ഉപകരണങ്ങളിലും ഇത് അപ്ഡേറ്റ് ആണെന്ന് ഉറപ്പു വരുത്തുക.