ഗൂഗിളിന്റെ പിക്‌സൽ ഫോണുകൾ അതിന്റെ മറ്റു വലിയ എതിരാളികൾ ചെയ്യുന്ന പോലെ വിജയം ആസ്വദിക്കില്ലായിരിക്കാം. എന്നാൽ ഫീച്ചറുകൾക്കായുള്ള കമ്പനിയുടെ പരീക്ഷണ കേന്ദ്രമായതിനാൽ ഇവ ആൻഡ്രോയിഡിന് ഇപ്പോഴും പ്രധാനമാണ്. ഗൂഗിൾ പിക്‌സൽ 6നൊപ്പം ആദ്യമായി അവതരിപ്പിച്ച മാജിക് ഇറേസർ ഫീച്ചർ, ഏതാണ്ട് ഒരു വർഷത്തിനുശേഷം, ഇപ്പോൾ മറ്റ് ഉപകരണങ്ങളിലേക്കും എത്തുകയാണ്.
വ്യാഴാഴ്ച മുതൽ, ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ഗൂഗിൾ ഫോട്ടോസ് ആപ്പ് ഉപയോഗിക്കുന്ന ഗൂഗിൾ വൺ സബ്‌സ്‌ക്രൈബർമാർക്ക് മാജിക് ഇറേസർ ലഭ്യമാകും. ചിത്രങ്ങളിൽനിന്ന് ആവശ്യമില്ലാത്ത ആളുകളെയോ വസ്തുക്കളെയോ നീക്കം ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ, അപൂർണ്ണമായ ഫോട്ടോകൾ മികച്ചതാക്കുന്നു.
പിക്സൽ 6, പിക്സൽ 7 എന്നിങ്ങനെയുള്ള ടെൻസർ ചിപ്പിനൊപ്പം വരുന്ന പിക്സലുകളിലേക്ക് ഈ സവിശേഷത മുൻപ് പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പഴയ പിക്സലുകൾ ഉൾപ്പെടെ എല്ലാ ഉപകരണങ്ങളിലും ഫീച്ചർ ലഭ്യമാകും. ഒരു ഫോട്ടോയിലെ പ്രധാന ഒബ്ജക്റ്റിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരാൻ, മറ്റു ഒബ്‌ജക്റ്റുകളിൽ നിന്ന് വർണ്ണങ്ങൾ ഇല്ലാതാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന (കാമോഫ്ലാഗ്)Camouflage എന്ന മറ്റൊരു ഫീച്ചറും ഇതിനൊപ്പം ഉൾപ്പെടുന്നു. ഫോട്ടോകളിലെ എച്ച്ഡിആർ ഇഫക്റ്റിനായി വീഡിയോ പിന്തുണയും ചേർക്കുന്നതായി ഗൂഗിൾ പറഞ്ഞു. ചിത്രങ്ങളിലെ ഇരുണ്ട മുൻഭാഗങ്ങളും തെളിച്ചമുള്ള പശ്ചാത്തലങ്ങളും (അല്ലെങ്കിൽ തിരിച്ചും) ബാലൻസ് ചെയ്യാനും നിങ്ങളെ സഹായിക്കുന്നു.
ഗൂഗിൾ ഫോട്ടോകളിലെ കൊളാഷുകൾക്ക് പുതിയ അപ്‌ഡേറ്റുകളും ലഭിച്ചിട്ടുണ്ട്. എല്ലാ ഗൂഗിൾ ഫോട്ടോ ഉപയോക്താക്കൾക്കും ഇപ്പോൾ കൊളാഷ് എഡിറ്ററിൽ, ഒരേ ഫോട്ടോയിൽ സ്റ്റൈലുകൾ ഉപയോഗിക്കാൻ കഴിയും. ഗൂഗിൾ വൺ അംഗങ്ങൾക്കും പിക്സൽ ഉപയോക്താക്കൾക്കുമായി കൊളാഷ് എഡിറ്ററിലേക്ക് പുതിയ ശൈലികളുടെ ഒരു ശ്രേണി വരുന്നുണ്ട്.
എല്ലാ പ്ലാനുകളിലെയും ഗൂഗിൾ വൺ അംഗങ്ങൾക്കും എല്ലാ പിക്സൽ ഉപയോക്താക്കൾക്കുമായി ഈ ഫീച്ചറുകൾ വെള്ളിയാഴ്ച പുറത്തിറങ്ങാൻ തുടങ്ങുന്നു. ഗൂഗിൾ വൺ പ്രതിമാസം 130 രൂപയിൽ ആരംഭിക്കുന്നു, മുകളിൽ പറഞ്ഞ ഫീച്ചറുകൾക്കൊപ്പം 100 ജിബി ക്ലൗഡ് സ്റ്റോറേജും നൽകുന്നു.