ഷവോമിയുടെ പുതിയ സ്‌മാര്‍ട്ട് ഫോണായ റെഡ്മി വൈ ടു വിപണിയിലേക്ക് എത്തുകയാണ്. 9999 മുതല്‍ 12999 രൂപ വരെയാണ് റെഡ്മി വൈ ടുവിന്റെ വില വരുന്നത്. വൈ ടുവും എത്തുന്നതോടെ വിപണിയിലുള്ള റെഡ്മി നോട്ട് ഫൈവും റെഡ്മി വൈ ടുവും തമ്മില്‍ ഏതാണ് നല്ലതെന്ന ചിന്ത ഉയരുന്നുണ്ട്. നോട്ട് ഫൈവിനും ഏറെക്കുറെ ഇതേ വില തന്നെയാണ് വരുന്നത്. 12MP+5MP റിയര്‍ ക്യാമറയും 16MP ഫ്രണ്ട് ക്യാമറയുമാണ് റെഡ്മി വൈടുവിന്റെ സവിശേഷത.

ക്വാല്‍ക്കം സ്‌നാപ്പ്ഡ്രാഗണ്‍ 625 പ്രൊസസറാണ് റെഡ്മി വൈ ടുവിന്റെ പ്രത്യേകത. നോട്ട് ഫൈവിലും ഇതുണ്ട്. ആന്‍ഡ്രോയിഡ് ഓറിയോ MIUI 9.5 വുമായി വൈ ടു എത്തുമ്പോള്‍ നോട്ട് സീരീസില്‍ ആന്‍ഡ്രോയിഡ് നോഗട്ട് തന്നെയാണ്.

റെഡ്മി വൈ ടു സവിശേഷതകള്‍; 5.99 ഇഞ്ച് ഡിസ്‌പ്ലെ, 18:9 ആസ്‌പെക്റ്റ് റേഷ്യോ, 1440 x 720 പിക്‌സല്‍ / ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 625 പൊസസര്‍ / 3GB/4GB RAM + 32 GB/64 GB സ്‌റ്റോറേജ് / 128 GB മെമ്മറി വരെ ഉപയോഗിക്കാം, / 12MP+5MP റിയര്‍ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ/ 3080 mAh ബാറ്ററി / MIUI 9.5 ആന്‍ഡ്രോയിഡ് ഓറിയോ 8.0

ഇന്ത്യയിലെ വില; 3 GB RAM-9,999, 4GB RAM-12,999

ഗുണങ്ങള്‍

മികച്ച സെല്‍ഫികള്‍ എടുക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള 16MPയുടെ ഫ്രണ്ട് ക്യാമറയാണ് റെഡ്മി വൈ ടുവിന്റെ സവിശേഷത. പോർട്രെയിറ്റ് മോഡും തൃപ്‌തിപ്പെടുത്തുന്നതാണ്. ഇന്‍ഡോര്‍ ഫോട്ടോകളും നന്നായി എടുക്കാന്‍ കഴിയും. ഫോണിന്റെ വില കണക്കിലെടുക്കുമ്പോള്‍ മികച്ചതു തന്നെയാണിത്.

തരക്കേടില്ലാത്ത ഡിസ്‌പ്ലേ 5.99 ഇഞ്ചിന്റെ സ്‌ക്രീനും 18:9 ആസ്‌പെക്റ്റ് റേഷ്യോയുള്ള ഡിസ്‌പ്ലേ വീഡിയോകളും മറ്റും വലുപ്പത്തിലും ക്ലാരിറ്റിയോടെയും കാണാന്‍ സഹായിക്കുന്നു. 720p റെസലൂഷനുള്ള ഡിസ്‌പ്ലേ നോട്ട് ഫൈവിലേത് പോലെ ഫുള്‍ എച്ചിഡി അല്ലെങ്കിലും മികച്ചതു തന്നെയാണ്. ഒരു കൈയ്യില്‍ ഉപയോഗിക്കുന്നതിന് തടസമില്ലാത്ത ഡിസൈനാണ്. മെറ്റാലിക്ക് ആണ് ബാക്ക് സൈഡ്.

കഴിഞ്ഞ വര്‍ഷമിറങ്ങിയ വൈ വണ്ണില്‍ സ്‌നാപ്ഡ്രാഗണ്‍ 435 ആയിരുന്നു പ്രൊസസര്‍. വൈ ടുവില്‍ അത് സ്‌നാപ്ഡ്രാഗണ്‍ 635 ആണ്. സമാന വിലയുള്ള ഫോണുകളെ അപേക്ഷിച്ച് വൈ ടുവിന്റെ പെര്‍ഫോമന്‍സ് ഒരുപടി മുകളില്‍ തന്നെയാണ്.

സോഷ്യല്‍ മീഡിയ, ഗെയ്മിങ് തുടങ്ങിയവയെല്ലാം വൈ ടുവില്‍ സുഖമമായിരിക്കും. ബാറ്ററി ലൈഫും മറ്റൊരു സവിശേഷതയാണ്. 10-12 മണിക്കൂര്‍ ബാറ്ററി ലൈഫുണ്ട്. നോട്ട് ഫൈവില്‍ നിന്നും വ്യത്യസ്‌തമായി ഡുവല്‍ സിം സ്ലോട്ടുകള്‍ക്കൊപ്പം തന്നെ മെമ്മറി കാര്‍ഡ് ഇടാനുള്ള സ്ലോട്ടുമുണ്ട്.

പോരായ്മകള്‍

10000 രൂപയ്‌ക്ക് 720p ഡിസ്‌പ്ലേ തൃപ്‌തികരമല്ല. ഉയര്‍ന്ന റെസലൂഷന്റെ കുറവ് ഒരു അപര്യാപ്‌തത തന്നെയാണ്. റെഡ്മി നോട്ട് ഫൈവിന്റെ 4GB RAM ഫോണിന് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. വില 11999 രൂപ മാത്രമാണ്. നോട്ടിഫിക്കേഷനുകള്‍ കൂടുമ്പോള്‍ ഫോണ്‍ സ്ലോ ആകാനും സാധ്യതയുണ്ട്.

മറ്റൊരു പോരായ്മ ഡുവല്‍-റിയര്‍ ക്യാമറയാണ്. 12MP+5MP ആണ് ക്യാമറകള്‍. പോർട്രെയിറ്റ് മോഡില്‍ പശ്ചാത്തലം ബ്ലര്‍ ആയ ഇമേജുകളാണ് ലഭിക്കുക. ക്യാമറയുടെ ഷട്ടര്‍ ലാഗ് വ്യക്തമായി അറിയാന്‍ കഴിയും. അതുപോലെ തന്നെ ഫോക്കസ് ചെയ്യുന്നതിലും ബുദ്ധിമുട്ടുണ്ടാകുന്നു. ബ്രൈറ്റ് റെഡ് പോലുള്ള കളറുകളിലുള്ള പടമെടുക്കുന്നതിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. വെളിച്ചം കുറയുമ്പോഴും ക്യാമറയുടെ പ്രകടനം മോശമാകുന്നുണ്ട്.

റെഡ്മി വെെ 2 വില്‍ എടുത്ത ഫോട്ടോ

കൊടുക്കുന്ന കാശിന് മുതലാണെങ്കിലും ഓവറോള്‍ പെര്‍ഫോമന്‍സില്‍ റെഡ്മി വൈ ടു പിന്നിലാണ്. പ്രധാനമായും ക്യാമറയില്‍. എന്നാല്‍ ഷവോമി ഫോണുകള്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് വിലക്കുറവില്‍ ഫോണ്‍ വേണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കാവുന്ന മോഡല്‍ തന്നെയാണ് റെഡ്മി വൈ ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ