ബംഗളൂരു : സാംസങ് ഗാലക്സി നോട്ട് 7 ഫോണുകള്‍ ഉണ്ടാക്കിയ പൊട്ടിത്തെറി ഒരു ദുസ്വപ്നം പോലെ മറന്ന ഉപയോക്താക്കള്‍ക്ക് ഞെട്ടലുണ്ടാക്കി മറ്റൊരു ഫോണ്‍ കൂടി രംഗത്ത്. ഷവോമി റെഡ്മി നോട്ട് 4 സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചതായാണ് പുതിയ വാര്‍ത്ത.

ബംഗളൂരുവിലാണ് സംഭവം ഉണ്ടായത്. പൂര്‍വിക മൊബൈല്‍സ് എന്ന കടയില്‍ വെച്ചാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. 11,499 രൂപയാണ് ഫോണിന്റെ വില. ഷവോമിയുടെ മറ്റ് ചില മോഡലുകളും തീപിടിച്ചതായ വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സിംകാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ കടയുടമയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. സിം കാര്‍ഡ് ഇടുന്നതിനായാണ് ഉപയോക്താവ് ഫോണുമായി കടയിലെത്തിയത്.

കടയുടമ ഫോണ്‍ വാങ്ങിച്ച് സിം ഇടാന്‍ ശ്രമിച്ചു. ഇതോടെ അപ്രതീക്ഷിതമായ പൊട്ടിത്തെറിയും തീയും ഉണ്ടാവുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഫോണ്‍ മുഴുവനായും കേടായി. പിന്നാലെ ഉപയോക്താവ് പൊലീസിലും പരാതി നല്‍കി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഷവോമി അധികൃതര്‍ അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നും കമ്പനി വ്യക്തമാക്കി. സമീപ കാലത്ത് ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഫോണായിരുന്നു റെഡ്മി നോട്ട് 4.

ഏറ്റവും മെലിഞ്ഞ രൂപത്തിലുളള സ്മാര്‍ട്ട്ഫോണുകള്‍ ഉണ്ടാക്കുന്നതാണ് ഫോണുകള്‍ ചൂടായി പൊട്ടിത്തെറിക്കാന്‍ കാരണമാകുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊളളുന്ന മെലിഞ്ഞ ഫോണുകളില്‍ ചൂട് പുറംതളളാന്‍ കഴിയാതെ വരുമ്പോളാണ് പൊട്ടിത്തെറി ഉണ്ടാവുന്നത്. എന്നാല്‍ ഗാലക്സിയുടെ കാര്യത്തില്‍ ബാറ്ററിയാണ് വില്ലനായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ