മൊബൈൽ ഫോണുകളിൽ ജനപ്രിയ ബ്രാൻഡായ റെഡ്മിയുടെ പുതിയ മോഡലുകൾ ഇന്ത്യയിൽ. റെഡ്മി 6 സീരിസിലെ റെഡ്മി 6, റെഡ്മി 6 എ, റെഡ്മി 6 പ്രോ തുടങ്ങിയ ഫോണുകളാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. തുടക്കത്തിൽ റെഡ്മി 6, റെഡ്മി 6 എ ഫോണുകൾ ഫ്ലിപ്കാർട്ടിലും റെഡ്മി 6 പ്രോ ആമസോണിലുമാകും ലഭ്യമാകുക.
റെഡ്മി 6
രണ്ട് വ്യത്യസ്ത വിലകളിലാണ് ഉപഭോക്താക്കൾക്ക് റെഡ്മി 6 ലഭ്യമാകുക. 3ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഫോണിന് 7999 രൂപയും 3ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഫോണിന് 9499 രൂപയുമാണ് വില. ബജറ്റ് ഫോണുകളിൽ പുത്തൻ പാത തുറക്കാനൊരുങ്ങുന്ന റെഡ്മി 6 സെപ്റ്റംബർ 10 മുതൽ ഫ്ലിപ്കാർട്ടിൽ വിൽപന ആരംഭിക്കും.
5.45 ഇഞ്ച് ഡിസ്പ്ലേയിൽ മെറ്റാലിക് ഫിനിഷോട് കൂടിയണ് റെഡ്മി 6ന്റെ വരവ്. 12എംപിയുടെ പ്രൈമറി സെൻസറും 5എംപിയോടെ സെക്കൻഡറി സെൻസറുമുള്ള ഡ്യുവൽ ക്യാമറയാണ് ഫോണിന്റേത്. 5 എംപിയുടെ സെൽഫി ക്യാമറയാണ് ഫോണിനുള്ളത്. ഗൂഗിളിന്റെ ആൻഡ്രോയിഡ് 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3000mAh ആണ്.
എഐ ഫേസ് അൺലോക്ക് ഉപയോഗിച്ചും, ഫിംഗർ പ്രിന്റ് റീഡർ ഉപയോഗിച്ചും ഫോൺ അൺലോക്ക് ചെയ്യാനാകുമെന്നതാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.
റെഡ്മി 6 എ
റെഡ്മി 6 സീരിസിലെ ഏറ്റവും വില കുറഞ്ഞ ഫോണാണ് റെഡ്മി 6 എ. 2ജിബി റാമും 16 ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഡിവൈസിന് 5999 രൂപയും 2ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഡിവൈസിന് 6999 രൂപയുമാണ് വില. ആദ്യത്തെ രണ്ട് മാസമാകും ഈ വില ബാധകമായിരിക്കുക.
5.45 ഇഞ്ച് ഡിസ്പ്ലേയിൽ തന്നെയാണ് റെഡ്മി 6 എയും എത്തുന്നത്. 13എംപിയുടെ ബാക്ക് ക്യാമറയും 5 എംപിയുടെ സെൽഫി ക്യാമറയാണ് ഫോണിന്റേത്. ഗൂഗിളിന്റെ ആൻഡ്രോയിഡ് 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3000mAh ആണ്. മികച്ച ബാറ്ററി പെർഫോമൻസാണ് കമ്പനി അവകാശപ്പെടുന്നത്.
റെഡ്മി 6 പ്രോ
സെപ്റ്റംബർ 11 മുതൽ ആമസോണിൽ വിൽപന ആരംഭിക്കുന്ന റെഡ്മി 6 പ്രോ രണ്ട് വ്യത്യസ്ത വിലകളിലായിരിക്കും ഉപഭോക്താക്കൾക്ക് ലഭ്യമാകുക. 3ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഫോണിന് 10,999 രൂപയും 4ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഫോണിന് 12,999 രൂപയുമാണ് വില.
5.84 ഇഞ്ച് ഡിസ്പ്ലേയിൽ വരുന്ന ഫോണിന്റേത് അലുമിനിയം ബോഡിയാണ്. നാല് വ്യത്യസ്ത നിറങ്ങളിൽ (കറുപ്പ്, നീല, ഗോൾഡ്, ചുവപ്പ്) ഫോൺ ലഭ്യമാകും. പിന്നിൽ12എംപിയുടെ പ്രൈമറി സെൻസറും 5എംപിയോടെ സെക്കൻഡറി സെൻസറുമുള്ള ഡ്യുവൽ ക്യാമറയും മുന്നിൽ 5 എംപിയുടെ സെൽഫി ക്യാമറയുമാണ് ഫോണിന്റേത്. ഗൂഗിളിന്റെ ആൻഡ്രോയിഡ് 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000mAh ആണ്.