പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായി ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ എംഐ 10ഐ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. പുതുവർഷത്തിൽ ഷവോമി ഇന്ത്യൻ വിപണിയിലെത്തിക്കുന്ന ആദ്യ സ്മാർട് ഫോണാണിത്. വൺ പ്ലസ് നോർഡ്, മോട്ടോ ജി 5ജി, വിവോ വി20 പ്രോ എന്നീ ഫോണുകളുടെ സെഗ്മെന്റിലേക്കാണ് ഷവോമി എംഐ 10ഐയും അവതരിപ്പിക്കുന്നത്.
Xiaomi Mi 10i Price : ഷവോമി എംഐ 10ഐ വില
മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജിലാണ് ഫോണെത്തുന്നത്. അതേ വ്യത്യാസം വിലയിലും വ്യക്തമാണ്. 20,999 രൂപയാണ് ഫോണിന്റെ സ്റ്റാർട്ടിങ് പ്രൈസ്. 6ജിബി റാം+64ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് 20,999 രൂപ. 21,999 രൂപയ്ക്ക് 6ജിബി റാം+128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഏറ്റവും ഉയർന്ന മെമ്മറി വേരിയന്റായ 8ജിബി റാം+128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 23,999 രൂപയാണ്.
Also Read: Samsung Galaxy M02s: സാംസങ്ങ് ഗ്യാലക്സി എം02എസ് ഇന്ത്യൻ വിപണിയിലേക്ക്
ജനുവരി ഏഴ് മുതൽ ഫോൺ വിപണിയിലെത്തും. എംഐ ഡോട്ട് കോം, ആമസോൺ ഇന്ത്യ എന്നീ ഓൺലൈൻ സ്റ്റോറുകളിലും എംഐ ഹോം സ്റ്റോറുകളിലും ഫോൺ വിൽപ്പനയ്ക്കെത്തും.
Xiaomi Mi 10i Specifications : ഷവോമി എംഐ 10ഐ സ്‌പെസിഫിക്കേഷൻ
6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയോടുകൂടിയെത്തുന്ന ഫോണിന്റെ ഡിസ്‌പ്ലേ റെസലൂഷൻ 2400×1080 (ഫുൾ എച്ച്ഡി) ആണ്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനാണ് സ്ക്രീനിന് ലഭിക്കുക. ക്വൂവൽകോം സ്നാപ്ഡ്രാഗൻ 750 ജി പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. ഡ്വൂവൽ സിം സപ്പോർട്ടുള്ള ഫോണിൽ മൈക്രോ എസ്ഡി സ്ലോട്ട് ഇല്ല.
മികച്ച ക്യാമറയാണ് ഫോണിന്റേത്. ക്വാഡ് ക്യാമറ സെറ്റപ്പിലെത്തുന്ന റിയർ ക്യാമറയിൽ 108 എംപിയുടെ പ്രൈമറി സെൻസറാണുള്ളത്. എട്ട് എംപിയുടെ അൾട്ര വൈഡ് ലെൻസും രണ്ട് എംപിയുടെ വീതം മാക്രോ ലെൻസും ഡെപ്തും സെൻസറും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ. 4820 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 33W ഫാസ്റ്റ് ചാർജറോടുകൂടിയാണെത്തുന്നത്.