മൊബൈൽ ഫോൺ വിപണിയിലെ വമ്പന്മാരായ ഷവോമി ഫ്ലാഗ്ഷിപ്പ് മോഡലുകളിലെ അവരുടെ പുതിയ സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ചു. മി 10 സീരിസിലെ മി 10ടി, മി 10ടി പ്രോ എന്നീ രണ്ട് മോഡലുകളാണ് കമ്പനി ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. മികച്ച റീഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, മെച്ചപ്പെടുത്തിയ പ്രോസസ്സറുകൾ, മൾട്ടി ക്യാമറ, മികച്ച ബാറ്ററി, 5ജി കണക്ടിവിറ്റി ഉൾപ്പടെ വമ്പൻ ഫീച്ചറുകളുമായാണ് ഫോണുകളെത്തുന്നത്.

മി ടി10 പ്രോയുടെ വില 39,999 രൂപയിലും മി ടി10യുടെ വില 35,999 രൂപയിലുമാണ് ആരംഭിക്കുന്നത്. നിലവിൽ പ്രീ ഓർഡറിങ്ങ് മാത്രം ആരംഭിച്ചിരിക്കുന്ന ഫോണുകളുടെ വിൽപ്പന ഫ്ലിപ്കാർട്ടലും മി സ്റ്റോറും വഴിയായിരിക്കും. അതേസമയം ഫോണുകൾ എന്ന് വിപണിയിലെത്തുമെന്ന കാര്യത്തിൽ കമ്പനി സ്ഥിരീകരിണം നൽകിയിട്ടില്ല. പ്രീ ഓർഡർ ചെയ്യുന്നവർക്ക് 3000 രൂപ ക്യാഷ് ബാക്കും 2000 രൂപ എക്സ്‌ചേഞ്ചും ലഭിക്കും. ഇതിനുപുറമെ ഫ്ലിപ്കാർട്ടിൽ നോ കോസ്റ്റ് ഇഎംഐയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

രണ്ട് മോഡലുകളിൽ മി 10ടി പ്രോയാണ് ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ. 6.67 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് 144Hz ആണ്. നിലവിൽ അഡാപ്റ്റീവ്സിങ്ക് വേരിയബിൾ റിഫ്രഷ് റേറ്റ് ഫക്ഷണാലിറ്റിയുള്ള ഏക സ്മാർട്ഫോണാണ് മി 10ടി പ്രോ. ഗെയ്മിങ്ങിന് മികച്ച അനുഭവം നൽകാൻ ഫോണിന് സാധിക്കും.

സ്‌നാപ്ഡ്രാഗൻ 865 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 8 ജിബി റാമിൽ 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഇന്റേണൽ മെമ്മറി പാക്കേജുകളിലാണ് രണ്ട് വേരിയന്റുകൾ എത്തുന്നത്. 5 കണക്ടിവിറ്റിയാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. 5000 എംഎച്ച് ബാറ്ററി ഫോണിന്റെ പവർ ഹൗസ് ആകുമ്പോൾ അതിവേഗ ചാർജിങ്ങിന് സഹായിക്കുന്ന 33W ഫാസ്റ്റ് ചാർജറും ലഭിക്കും.

ക്യാമറയിലേക്ക് വരുമ്പോൾ 108 എംപി പ്രൈമറി സെൻസറും 13 എംപി അൾട്ര വൈഡ് സെൻസറും 5 എംപി മാക്രോ സെൻസറും ഉൾപ്പെടുന്നതാണ് പിൻക്യാമറ. സെൽഫി ക്യാമറ 20 എംപിയുടേതാണ്. പഞ്ച് ഹോൾ ഡിസൈനിലാണ് സെൽഫി ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്.

മറ്റ് ഫീച്ചറുകളെല്ലാം സമാനമാണെങ്കിലും മി 10ടിയിലേക്ക് എത്തുമ്പോൾ 6.67 ഇഞ്ച് അഡാപ്റ്റിവ് ഡിസ്‌പ്ലേയാണ് പ്രധാന വ്യത്യാസം. ക്യാമറ 64എംപിയാണ് പ്രൈമറി സെൻസർ. ഇതോടൊപ്പം മെമ്മറി പാക്കേജിൽ 6 ജിബി റാം എന്ന വ്യത്യാസവുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook