ഷവോമി ആരാധകരെ സങ്കടത്തിലാക്കി ചൈനീസ് കമ്പനി അതിന്റെ രണ്ട് ജനപ്രിയ മോഡലുകളുടെ വില ഉയര്‍ത്തി. റെഡ്മി നോട്ട് 5 പ്രോ, എംഐ എല്‍ഇഡി ടിവി 4 55 എന്നിവയുടെ വിലയാണ് കൂട്ടിയത്. 2018 ഫെബ്രുവരിയിലാണ് ഫോണും ടെലിവിഷനും അവതരിപ്പിച്ചത്. നാളെ മുതല്‍ ടിവിയുടേയും സ്മാര്‍ട്ട്ഫോണിന്റെയും വില ഉയരും.

റെഡ്മി നോട്ട് 5 പ്രോ 13,999 രൂപയ്ക്കായിരുന്നു അവതരിപ്പിച്ചിരുന്നത്. 4ജിബി+64ജിബി മോഡലിന് 1000 വര്‍ധിപ്പിച്ച് 14,999 രൂപയാകും. അതേസമയം 6ജിബി റാമോടു കൂടി വരുന്ന നോട്ട് 5 പ്രോയുടെ 64 ജിബി മോഡലിന് വില വര്‍ധിച്ചിട്ടില്ല. 16,999 രൂപയാണ് ഇതിന്റെ വില.

അതേസമയം 55 ഇഞ്ച് എംഐ എല്‍ഇഡി ടിവി 4ന് 5000 രൂപയാണ് വര്‍ധിച്ചത്. ടിവിക്ക് ഇനി മുതല്‍ 44,999 രൂപയായിരിക്കും വില. സാധാരണക്കാരന്റെ സ്മാർട്ട് ഫോൺ ശ്രേണിയിൽ വിസ്മയങ്ങൾ കാഴ്ച വച്ച ചരിത്രമാണ് ഷവോമിക്കുള്ളത്. പ്രത്യേകിച്ചും റെഡ്മി നോട്ട് ശ്രേണിക്ക് ഇന്ത്യൻ വിപണിയിൽ വലിയ വരവേൽപാണ് ലഭിക്കുന്നത്. റെഡ്മി നോട്ട് 3 യിലൂടെ ഷവോമി ബെഞ്ച് മാർക്കിങ് പട്ടികയിൽ ഒരു വലിയ മാറ്റമാണ് സൃഷ്ടിച്ചത്.
ഒരു മുഴു നീള മെറ്റൽ ബോഡിക്കു പകരം മുൻഭാഗത്തു മുകളിലും താഴെയുമായി ചെറിയ രണ്ടു പ്ലാസ്റ്റിക് ഭാഗങ്ങൾ ഉപയോഗിച്ചാണ് റെഡ്മി നോട്ട് 5 പ്രോ നിർമിച്ചിരിക്കുന്നത്. എന്നാൽ എംഐ എ1 മുഴു നീള മെറ്റൽ ബോഡി ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു.

പുറകു ഭാഗത്ത് ഐഫോൺ എക്സിന്റെ രൂപകല്പനയെ കണക്കിലെടുത്തു 2 ക്യാമറ അടങ്ങുന്ന സംവിധാനം കുറുകെ സ്ഥാപിക്കുന്നതിന് പകരം നെടുകെ സ്ഥാപിച്ചിരിക്കുന്നു. മുൻഗാമിയായ റെഡ്മി നോട്ട് 4 ൽ ഉള്ള ഹാർഡ്‌വെയർ കീകൾ ഉപേക്ഷിച്ചു പകരം സോഫ്റ്റ്‌വെയർ കീകൾ ആണ് റെഡ്മി നോട്ട് 5 പ്രോ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ കീഴ് ഭാഗത്തു ഹെഡ്‍ഫോൺ ജാക്കും മൈക്കും യുഎസ്ബി പോർട്ടും സ്പീക്കർ ഗ്രില്ലും അടങ്ങിയിരിക്കുന്നു. മുകൾ ഭാഗത്ത് ഷവോമിയുടെ ഐആർ ബ്ലാസ്റ്ററും ഉണ്ട്.

5.99 ഇഞ്ച് വലിപ്പമുള്ള ഐപിഎസ് എൽസിഡി കപ്പാസിറ്റിവ് ടച്ച് സ്ക്രീൻ ആണ് റെഡ്മി നോട്ട് 5 പ്രോക്കുള്ളത്. 18:9 അനുപാതത്തിൽ 1080 x 2160 പിക്സൽ ഉള്ളത് കൊണ്ട് വളരെ വലുപ്പത്തിൽ ഭംഗിയായി റെഡ്മി നോട്ട് 5 പ്രോ ആസ്വദിക്കാവുന്നതാണ്. സ്ക്രീൻ സംരക്ഷണത്തിനായി കോർണിങ് ഗൊറില്ല ഗ്ലാസും ഉൾപ്പെടുത്തിയിട്ടുണ്ട്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook