ലോക ഇമോജി ദിനമായ ഇന്ന് അത് ആഘോഷിക്കുകയാണ് ഡിജിറ്റൽ രംഗത്തെ വമ്പന്മാരായ ആപ്പിളും. പുതിയതായി അവതരിപ്പിക്കുന്ന ഇമോജികളുടെ വിവരങ്ങൾ പുറത്ത് വിട്ടാണ് ആപ്പിൾ ഇമോജി ദിനം ആഘോഷമാക്കിയത്. ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾക്ക് പുത്തൻ അനുഭവം ഒരുക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം.

ഐഒഎസ് കീബോർഡുകളിൽ കൂടുതൽ വ്യത്യസ്തത സൃഷ്ടിക്കുകയാണ് ആപ്പിൾ. ഫുഡ്, അനിമൽ, ആക്ടിവിറ്റി, സ്മൈലി ഫെയ്സസ് എന്നിങ്ങനെ വിവിധ കാറ്റഗറികളിൽ അൻപത്തൊമ്പതോളം പുതിയ ഇമോജികളാണ് ആപ്പിൾ അവതരിപ്പിക്കുന്നത്. ആപ്പിളിന്റെ വിവിധ ഗഡ്ജറ്റുകളായ ഐ ഫോൺ, ഐ പാഡ്, മാക്, ആപ്പിൾ വാച്ച് എന്നിവയിൽ ഉടൻ തന്നെ പുതിയ ഇമോജികൾ എത്തും. യൂണിക്കോഡ് 12.0 യുടെ അംഗീകരിച്ച ക്യാരക്ടറുകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഇമോജികൾ എത്തുന്നത്.

Also Read: ‘നടുവിരൽ ഇമോജി’ക്ക് പകരം വാട്‌സ്ആപ്പിന് ഇതാ, ആറ് “സംസ്‌കാര മുദ്രകൾ”

പരസ്പര ബന്ധത്തിലാണെന്ന അർത്ഥം വരുന്ന ഇമോജിയിൽ ഇനി മുതൽ 75 വ്യത്യസ്തതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവിധ നിറങ്ങൾ, ലിംഗഭേദം എന്നിവയാണ് നവീകരിച്ച ഇമോജിയുടെ പ്രത്യേകത. ഇതാനുസരിച്ച് ഒരേ അർത്ഥം വരുന്ന വ്യത്യസ്ത തരത്തിലുള്ള ഇമോജികൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.

ഭിന്നശേഷി തീമുകളോട് കൂടിയ കൂടുതൽ ഇമോജികൾ അവതരിപ്പിക്കാൻ നേരത്തെ തന്നെ ആപ്പിൾ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കേൾവി യന്ത്രത്തോട് കൂടിയ ചെവി, വീൽചെയറിലെ വ്യക്തി, കൃത്രിമ കാൽ, കൃത്രിമ കൈ എന്നിവയും ആപ്പിൾ ഇമോജികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു.

Also Read: സ്വന്തം ചിത്രം വാട്‌സ്ആപ്പ് സ്‍റ്റിക്കറാക്കുന്നതെങ്ങിനെ? അറിയേണ്ടതെല്ലാം

സ്മൈലി ഇമോജികളിൽ കോട്ടുവായിടുന്നതും, വൺ പീസ് സ്വിംസ്യൂട്ടും പുതിയതായി കടന്നുവരുമ്പോൾ വെണ്ണ, വെളുത്തുള്ളി, വാഫിൽ എന്നിവ ഫുഡ് കാറ്റഗറിയിൽ ഉൾപ്പെടുന്നു. തേവാങ്കും അരയന്നവും ഒറങ്കുട്ടാൻ കുരങ്ങുകളുമാണ് അനിമൽ കാറ്റഗറിയിലെ പുതിയ അതിഥികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook