ഏതാനും ദിവസങ്ങൾക്കുള്ളിൽ, ആപ്പിൾ ഐഫോൺ 12 മിനി വിൽപ്പന ആരംഭിക്കും, അടുത്ത കാലത്തായി ആപ്പിൾ പുറത്തിറക്കിയ ഏറ്റവും ചെറിയ മുൻനിര ഐഫോണാണ് ഐഫോൺ 12 മിനി. 69,900 രൂപ മുതൽ ഇതിന് വില ആരംഭിക്കും. ഐഫോൺ 12 നിരയിലെ മറ്റേതൊരു ഐഫോണിനേക്കാളും കൂടുതൽ മാധ്യമ ശ്രദ്ധ നേടിയ ഫോണാണിത്.
മാർക്കറ്റ് ഇതിനകം തന്നെ വലിയ സ്ക്രീൻ സ്മാർട്ട്ഫോണുകളിലേക്ക് മാറിയപ്പോൾ 5.4 ഇഞ്ചിൽ ഒരു ഐഫോൺ ഇറക്കിയിരിക്കുകയാണ് ഐഫോൺ 12 മിനിയിലൂടെ ആപ്പിൾ. ഉപഭോക്താക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണോ ആപ്പിൾ ഈ ഫോൺ വിപണിയിലിറക്കിയതെന്നും അല്ലെങ്കിൽ വലിപ്പം കുറഞ്ഞ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കായുള്ള ആവശ്യക്കാർ ഇവിടെയുണ്ടോ എന്നുമെല്ലാം ഇത് സംബന്ധിച്ച് ചോദ്യങ്ങളുയർന്നിട്ടുണ്ട്.
“ഐഫോൺ 12 മിനി വളരെ ജനപ്രിയമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” സിസിഎസ് ഇൻസൈറ്റ് അനലിസ്റ്റ് കമ്പനിയായ റിസർച്ച് ചീഫ് ബെൻ വുഡ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുൻനിര സ്മാർട്ട്ഫോണുകൾ ക്രമേണ വലുതായിക്കൊണ്ടിരിക്കുകയാണ്, വലിയ രൂപകൽപ്പന എല്ലാവരുടേയും അഭിരുചിക്കുള്ളതല്ല – പ്രത്യേകിച്ച് ചെറിയ കൈകളും പോക്കറ്റുകളും ഉള്ള ആളുകൾ,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപയോക്താക്കൾക്ക് കോംപാക്റ്റ് ഫ്ലാഗ്ഷിപ്പുകൾ ഇനി ആവശ്യമില്ലെന്ന് കരുതിയിരുന്ന ഒരു സ്മാർട്ട്ഫോൺ വിപണിയുടെ പ്രധാന പരിവർത്തനത്തെ അടയാളപ്പെടുത്തുകയാണ് 5.4 ഇഞ്ച് ഐഫോൺ 12 മിനി പുറത്തിറക്കാനുള്ള ആപ്പിളിന്റെ തീരുമാനം.
കോംപാക്റ്റ് ഹൈ-എൻഡ് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാൻ നേരത്തെ ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും എങ്ങനെയെങ്കിലും ആ ഉപകരണങ്ങൾ വേണ്ടത്ര മുന്നേറിയില്ല. സോണി, സാംസങ്, എച്ച്ടിസി എന്നിവ ഉയർന്ന നിലവാരമുള്ള ‘മിനി’ സ്മാർട്ട്ഫോണുകൾക്കായി ഒരു മാർക്കറ്റ് സൃഷ്ടിക്കാൻ ശ്രമിച്ചു, അതിലൂടെ ഒരു ഫ്ലാഗ്ഷിപ്പ് രൂപകൽപ്പനയും ശൈലിയും ഒരു ചെറിയ വലിപ്പത്തിലുള്ള ഫോണിൽ കൊണ്ടുവരുന്നു. നിർഭാഗ്യവശാൽ, മൂന്ന് പ്രധാന ആൻഡ്രോയ്ഡ് നിർമ്മാതാക്കളും “ചെറിയ” ഫോണുകൾ വാങ്ങാൻ ഉപഭോക്താക്കളെ സ്വാധീനിക്കുന്നതിൽ പരാജയപ്പെട്ടു, കാരണം ആ ഉപകരണങ്ങൾ നിരവധി വിട്ടുവീഴ്ചകൾ ചെയ്തിരുന്നു.
കോംപാക്റ്റ് സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ദീർഘകാലത്തേക്ക് ഫീച്ചറുകളിലും സ്പെസിഫിക്കേഷനുകളിലും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടി വന്നതായി വുഡ് പറഞ്ഞു. എന്നിരുന്നാലും, ഐഫോൺ 12 മിനി കൃത്യമായും അതേ പ്രോസസർ, ഡ്യുവൽ ക്യാമറ സിസ്റ്റം, ഒഎൽഇഡി സ്ക്രീൻ എന്നിവ ഒരു കൈകൊണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫോണിലേക്ക് കൊണ്ടുവരുന്നു. ആപ്പിളിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, ലോകത്തിലെ ഏറ്റവും ചെറുതും കനംകുറഞ്ഞതുമായ 5 ജി ശേഷിയുള്ള സ്മാർട്ട്ഫോണാണ് ഐഫോൺ 12 മിനി.
2007 ൽ യഥാർത്ഥ ഐഫോൺ പുറത്തിറങ്ങിയപ്പോൾ, അതിൽ 3.5 ഇഞ്ച് സ്ക്രീൻ ഉണ്ടായിരുന്നു. “ഉപയോക്താക്കൾക്ക് അനുയോജ്യമായ വലുപ്പം” എന്ന് സ്റ്റീവ് ജോബ്സ് വിശേഷിപ്പിച്ച സ്ക്രീൻ സൈസായിരുന്നു അത്. അതിനുശേഷം, സ്മാർട്ട്ഫോൺ സ്ക്രീനുകൾ വലുതായി. ഗാലക്സി നോട്ടിന്റെ 5.3 ഇഞ്ച് സ്ക്രീൻ സ്മാർട്ട്ഫോൺ വിപണിയെ എന്നെന്നേക്കുമായി മാറ്റി.

ജംബോ വലുപ്പത്തിലുള്ള സ്ക്രീനുകളുള്ള “ഫാബ്ലെറ്റുകളുടെ” ഒരു നിര തന്നെ വിപണിയിലെത്തി. 2011 ൽ ഗാലക്സി നോട്ട് അവതരിപ്പിച്ച ശേഷം, വലിയ സ്ക്രീൻ വലുപ്പമുള്ള ഫോണുകളുടെയും സ്മാർട്ട്ഫോണുകളുടെയും ട്രെൻഡ് ഉയർന്നുവരുന്നു. ആപ്പിൾ പോലും ഒടുവിൽ വിപണിയിലെ സമ്മർദ്ദത്തിന് വഴങ്ങി 2014 ൽ ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവ പുറത്തിറക്കി. 6 പ്ലസിലൂടെ ആപ്പിൾ വലിയ സ്ക്രീൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് കടന്നു.
വലിയ സ്ക്രീൻ സ്മാർട്ട്ഫോണുകൾ സാധാരണമായി മാറി. ചെറിയ വലിപ്പത്തിലുള്ള ഫോണുകൾ – പ്രത്യേകിച്ച് കോംപാക്റ്റ് ഫ്ലാഗ്ഷിപ്പുകൾ – വിപണിയിൽ നിന്ന് അപ്രത്യക്ഷമായിത്തുടങ്ങി. സ്മാർട്ട്ഫോണുകളിൽ വലിയ ഡിസ്പ്ലേകൾ സ്വീകരിക്കുകയല്ലാതെ ഉപയോക്താക്കൾക്ക് മറ്റ് മാർഗമില്ല എന്ന നിലയായി.
എന്നാൽ ആപ്പിൾ ഇപ്പോഴും വിവിധ സ്ക്രീൻ വലുപ്പങ്ങളിൽ ഐഫോണുകൾ വിൽക്കുന്നു, അതിനാൽ ഇത് വിവിധ തരം ഉപഭോക്താക്കളിലേക്കെത്താൻ ശ്രമിക്കുന്നു. 5 ഇഞ്ച് സ്ക്രീൻ വലുപ്പത്തിൽ നിങ്ങൾക്ക് ഒരു ഐഫോൺ വേണമെങ്കിൽ, നിങ്ങൾക്ക് ഐഫോൺ എസ്ഇ (2020) തിരഞ്ഞെടുക്കാം. അല്ലെങ്കിൽ വിട്ടുവീഴ്ചയില്ലാത്ത പ്രീമിയം ഐഫോൺ വേണമെങ്കിൽ, 6.1 ഇഞ്ച് ഐഫോൺ 12 പ്രോ നേടാം. ഉപയോക്താക്കൾക്ക് അവരുടെ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ ഐഫോൺ തിരഞ്ഞെടുക്കാൻ ആപ്പിൾ ഓപ്ഷനുകൾ നൽകുന്നു എന്നതാണ് കാര്യം.
“ഐഫോൺ 12 മിനി ഉപയോക്താക്കൾക്ക് കൂടുതൽ ചോയ്സ് നൽകുന്നു, ഇത് ഐഫോൺ 12 ഫാമിലി ഉപകരണങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കും,” വുഡ് പറഞ്ഞു, “ആപ്പിളിന്റെ പുതിയ ഐഫോൺ ഉപകരണങ്ങളുടെ ഡിമാൻഡിൽ ഫോൺ നല്ല സ്വാധീനം ചെലുത്തുമെന്ന്” പ്രതീക്ഷിക്കുന്നു. “ചെറിയ” ഫ്ലാഗ്ഷിപ്പുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാനദണ്ഡം ഐഫോൺ 12 മിനി സജ്ജമാക്കുമെന്ന് വിദഗ്ദ്ധർ കരുതുന്നു.
Read More: With iPhone 12 Mini, Apple tests a new market for smaller flagship smartphones