ന്യൂഡല്‍ഹി:നമ്മളില്‍ പലര്‍ക്കും ഒന്നിലധികം അക്കൗണ്ടുകളില്‍ ഒരേ പാസ്‌വേഡ് തന്നെ ഉപയോഗിക്കുന്ന ശീലമുണ്ട്. എന്നാല്‍ ഇത് സുരക്ഷിതമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍ പ്രൊവൈഡറായ ചെക്ക്പോയിന്റ് പറയുന്നതനുസരിച്ച് ഇത്തരം രീതികള്‍ ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റയിലേക്ക് കടന്ന് കയറാന്‍ സൈബര്‍ കുറ്റവാളികളെ സഹായിക്കുന്നുവെന്നാണ്.
”വ്യക്തിഗത അക്കൗണ്ടുകളിലേക്കും കോര്‍പ്പറേറ്റ് അക്കൗണ്ടുകളിലേക്കും പാസ്‌വേഡുകള്‍ പുനരുപയോഗിക്കുന്നത് പ്രത്യേകിച്ചും അപകടകരമാണ്, കാരണം വ്യക്തിഗത അക്കൗണ്ടുകളുടെ വിവരങ്ങള്‍ നേടാനായാല്‍ ഹാക്കര്‍മാര്‍ക്ക് അഡ്മിന്‍ തലത്തിലുള്ള പ്രവേശനം ലഭിക്കും. ” ഒരു ബ്ലോഗ് പോസ്റ്റില്‍ ചെക്ക് പോയിന്റിലെ എന്റര്‍പ്രൈസ് മേധാവി ഹരീഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ അപകടസാധ്യതകളെക്കുറിച്ച് നന്നായി അറിയാമെങ്കിലും, ആളുകള്‍ പാസ്‌വേഡുകള്‍ റീസൈക്കിള്‍ ചെയ്യുന്നത് തുടരുന്നു, കാരണം ഒന്നിലധികം പാസ്‌വേഡുകള്‍ നിയന്ത്രിക്കാനും ഓര്‍മ്മിക്കാനും ബുദ്ധിമുട്ടാണ് എന്ന കാരണത്താലാണ്.
ഇന്ത്യയിലെ പാസ്‌വേഡുകകളുടെ അവസ്ഥ
നോര്‍ഡ്പാസിന്റെ മുന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, പാസ്‌വേഡുകളുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒരു പരാജയമാണെന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍ ഇങ്ങനെയാണ്. ‘123456,’ ‘12345678,’ ‘ബിഗ്ബാസ്‌ക്കറ്റ്’ എന്നിവയാണവ. ഇവയെല്ലാം കണ്ടെത്താന്‍ എളുപ്പത്തില്‍ സാധിക്കും. 2017 ലെ കണക്കനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ വഴി ഉപഭോക്തൃ നഷ്ടം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയത് ഇതുകൊണ്ടായിരിക്കാം. അതേസമയം ശക്തമായ പാസ്‌വേഡുകള്‍ ആവശ്യപ്പെടുന്ന കര്‍ശനമായ സുരക്ഷാ നയങ്ങള്‍ വിപരീതഫലമാണെന്നും ചെക്ക്പോയിന്റ് ചൂണ്ടിക്കാട്ടുന്നു. അത്തരം പാസ്‌വഡുകള്‍ ഓര്‍മ്മിക്കാന്‍ പ്രയാസമാണ്, മാത്രമല്ല ഇത് കൂടുതല്‍ റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും
ഒരു സാഹചര്യത്തിലും പാസ്‌വേഡുകള്‍ വീണ്ടും ഉപയോഗിക്കാതിരിക്കുക എന്നതാണ് സുരക്ഷിതമായ മാര്‍ഗം. കാരണം ഒരു അക്കൗണ്ട് ഹാക്ക് ചെയ്താല്‍ സൈബര്‍ കുറ്റവാളികള്‍ക്ക് ഓന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കും. കീവേഡ് പൊതുവായ ഒന്നാണെങ്കില്‍ പ്രത്യേക പ്രതീകങ്ങള്‍ മാത്രം ശക്തമായ പാസ്‌വേഡ് ഉണ്ടാക്കാത്തതിനാല്‍, അദ്വിതീയ പദ കോമ്പിനേഷനുകളും കൊണ്ടുവരാന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, ‘pass@123’ എന്നത് അക്ഷരങ്ങളും അക്കങ്ങളും ഒരു ചിഹ്നവും ഉള്‍ക്കൊള്ളുന്ന ഒരു പാസ്‌വേഡാണ്, എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സാധാരണമായ ആറാമത്തെ പാസ്വേഡാണിത്. സാധ്യമാകുന്നിടത്തെല്ലാം ടു-ഫാക്ടര്‍ ഓതന്റിക്കേറ്ററുകള്‍ ഉപയോഗിക്കുന്നത് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു.