ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതൽ ആളുകൾ സമയം ചെലവഴിക്കുന്നത് കുടുംബത്തോടൊപ്പമാണ്. ബന്ധുക്കളെ വീഡിയോ കോളും കോൺഫറൺസ് കോളുമൊക്കെ ചെയ്ത് ലോക്ക്ഡൗൺ കാലം ചെലവഴിക്കുന്ന ആളുകളിൽ പലരും ഇതിനായി ഹൗസ് പാർട്ടി എന്നൊരു ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്തിരുന്നു. വീഡിയോ കോളിങ്ങിന് സാധിക്കുന്ന ആപ്ലിക്കേഷൻ ആൻഡ്രോയിഡിലും ഐഒഎസ് പ്ലാറ്റ്ഫോമിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

തിങ്കളാഴ്ച ഉച്ചവരെ വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ആപ്ലിക്കേഷൻ പെട്ടെന്നാണ് എല്ലാവരുടെയും വില്ലനായി മാറിയത്. ഹൗസ് പാർട്ടി ആപ്ലിക്കേഷൻ പല തരത്തിലുമുള്ള രേഖകൾ ചോർത്തുന്നു എന്ന പരാതിയുമായി നിരവധി ആളുകൾ രംഗത്തെത്തിയതോടെ ആപ്ലിക്കേഷനെതിരെ വലിയ ക്യാംപെയിനിങ് തന്നെ ആരംഭിച്ചു.

ഹാക്കർമാരെ സഹായിക്കുന്നതാണ് ആപ്ലിക്കേഷന്റെ സെറ്റപ്പെന്നാണ് പ്രധാന ആക്ഷേപം. ഇതോടൊപ്പം മറ്റ് ആപ്ലിക്കേഷനുകളായ ഇൻസ്റ്റഗ്രം, സ്‌പോട്ടിഫൈ എന്നിവയിൽ നിന്നും വിവരങ്ങൾ ചോർത്താൻ ഹൗസ് പാർട്ടി വഴി സാധിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. പണം നഷ്ടമായി എന്ന പരാതി ഉന്നയിക്കുന്നവരെയും കാണാൻ സാധിച്ചു. ഡീലിറ്റ് ഹൗസ് പാർട്ടി എന്ന ഹാഷ്ടാഗ് ക്യാംപെയിനിങ്ങിനും ഇതിനിടയിൽ തുടക്കമാവുകയും ട്രെൻഡിങ്ങാവുകയും ചെയ്തു.

Read Also: ലോക്ക്ഡൗണ്‍: ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ വീഡിയോ ക്വാളിറ്റി കുറയ്‌ക്കാൻ നീക്കം

എന്നാൽ ആരോപണങ്ങളെയെല്ലാം തള്ളി ഹൗസ് പാർട്ടി രംഗത്തെത്തി. ഹൗസ് പാർട്ടിയിലെ എല്ലാ അക്കൗണ്ടുകളും സുരക്ഷിതമാണെന്നും മറ്റ് സൈറ്റുകൾക്ക് വേണ്ടി പാസ്‌വേഡോ മറ്റ് രേഖകളോ ശേഖരിക്കുന്നുമില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇത് ആപ്ലിക്കേഷനെതിരായ പെയ്ഡ് പ്രെമോഷന്റെ ഭാഗമാകാനുള്ള സാധ്യതകളും കമ്പനി തള്ളിക്കളയുന്നില്ല. ഇതിനെതിരായ അന്വേഷണവും ആരംഭിച്ചതായി ഹൗസ് പാർട്ടി അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒരു ദശലക്ഷത്തിന്റെ പ്രതിഫലവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. തെളിവ് സഹിതം ഇത് തെളിയിക്കാൻ സാധിക്കുന്നവർക്ക് ഈ സമ്മനത്തുക ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook