ഇ ലോകത്തെ വമ്പൻ ഗൂഗിളിന്റെ തലപ്പത്ത് ഒരു മലയാളി! കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയായ തോമസ് കുര്യനാണ് ഗൂഗിൾ ക്ലൗഡിന്റെ തലപ്പത്തേക്ക് എത്തിയിരിക്കുന്നത്. ഗൂഗിൾ ക്ലൗഡിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇതിന്റെ തലപ്പത്തേക്ക് തോമസ് കുര്യനെ നിയമിച്ചത്.

ഒറാക്കിൾ തലവനായിരുന്ന തോമസ് കുര്യന് ഇവിടെ 22 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. ഇതാണ് അദ്ദേഹത്തെ ഗൂഗിൾ ക്ലൗഡിന്റെ തലപ്പത്തേക്ക് നിയമിക്കുന്നതിന് പ്രധാന്യം നൽകിയത്. ഗൂഗിൾ ക്ലൗഡിന്റെ നിലവിലെ സിഇഒ ഡയാൻ ഗ്രീൻ ജനുവരിയിൽ സ്ഥാനമൊഴിയുന്നത് വരെ ഇരുവരും ഒന്നിച്ച് പ്രവർത്തിക്കും. പിന്നീട് തോമസ് കുര്യൻ ഈ ചുമതല ഒറ്റയ്ക്ക് കൈകാര്യം ചെയ്യും.

തോമസ് കുര്യനും അദ്ദേഹത്തിന്റെ ഇരട്ട സഹോദരൻ ജോർജ് കുര്യനും പഠനത്തിനായി 1986 ലാണ് അമേരിക്കയിലെ പ്രിൻസ്ടൗണിലേക്ക് ചേക്കേറിയത്. തോമസ് കുര്യന് മദ്രാസ് ഐഐടിയിൽ പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ ഉന്നത പഠനത്തിന് മദ്രാസ് ഐഐടിയിലെ പഠനം പ്രവേശനം ലഭിച്ച് ആറ് മാസങ്ങൾക്കകം ഇദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു.

പ്രിൻസ്ടൺ സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയ തോമസ് കുര്യൻ, പിന്നീട് സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈബ്രിഡ് ക്ലൗഡ് ഡാറ്റ സർവ്വീസിന്റെ സിഇഒ യാണ് ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ ജോർജ് കുര്യൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook