കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ വാട്സാപ് വഴി പൊതു ജനങ്ങളിലേക്ക് വിവരങ്ങൾ അറിയിക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെക്കുറിച്ചുള്ള പൊതുജനങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് പുതിയ പദ്ധതി. സർക്കാർ ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന.

ലോകാരോഗ്യ സംഘടനയുടെ അറിയിപ്പുകളും വിവരങ്ങളും ലഭിക്കുന്നതിന് +41 79 893 1892 എന്ന നമ്പർ നിങ്ങളുടെ കോൺടാക്സിലേക്ക് സേവ് ചെയ്യുക. പിന്നീട് ഈ നമ്പരിലേക്ക് ‘Hi’ എന്ന് സന്ദേശം അയക്കുക. ഇതോടെ ലോകാരോഗ്യ സംഘടനയുടെ സന്ദേശങ്ങളും വിവരങ്ങളും അറിയിപ്പുകളും ദിവസം തോറും നിങ്ങളുടെ നമ്പരിലേക്ക് എത്തും.

ലോകാരോഗ്യ സംഘടന, യൂണിസെഫ്, യുഎൻ‌ഡി‌പി എന്നിവയുമായി സഹകരിച്ച് ഒരു പ്രത്യേക കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ്ബ് നേരത്തെ തന്നെ വാട്സാപ്പിൽ രൂപകൽപ്പന ചെയ്തിരുന്നു. മഹാമരിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായാണ് വാട്സാപ്പ് ഇത്തരത്തിൽ ഒരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട തെറ്റായ വർത്തകൾക്കും വിവരങ്ങൾക്കുമെതിരെ നടപടിയെടുക്കുമെന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ ഫെയ്സ്ബുക്ക് നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്റർനാഷണൽ ഫാക്ട് ചെക്കിങ് നെറ്റ്‌വർക്കിന് (ഐഎഫ്സിഎൻ) ഒരു മില്യൺ ഡോളർ സംഭാവനയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും whatsapp.com/coronavirus എന്ന യുആർഎല്ലിൽ ലഭ്യമാകും. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് കിംവദന്തികളുടെ വ്യാപനം കുറയ്ക്കുന്നതിനും കൃത്യമായ ആരോഗ്യ വിവരങ്ങൾ മനസിലാക്കാനും വെബ്സൈറ്റിലൂടെ സാധിക്കും. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് വാട്സാപ്പ് ഇൻഫർമേഷൻ ഹബ്ബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook