ഗ്രൂപ്പ് ചാറ്റുകളുടെ മെച്ചപ്പെട്ട പ്രകടനത്തിനായി കമ്മ്യൂണിറ്റി ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം അവസാനമായിരിക്കും ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക. എന്നാല്‍ ഇതിനോടൊപ്പം ചില പുതിയ സവിശേഷതകളും വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. റിയാക്ഷന്‍സ്, അഡ്മിന് ഡിലീറ്റ്, ഫയല്‍ ഷെയറിങ്, വോയിസ് കോള്‍ തുടങ്ങിയവയാണ് പുതിയ സവിശേഷതകള്‍. അടുത്ത വാരത്തോടെ ഇത് വാട്ട്സ്ആപ്പില്‍ ലഭ്യമാകും. പുതിയ സവിശേഷതകളെക്കുറിച്ച് വിശദമായി വായിക്കാം.
റിയാക്ഷന്‍സ്
ഇനിമുതല്‍ വാട്ട്സ്ആപ്പില്‍ റിയാക്ഷന് ഇമോജികളും ലഭ്യമാകും. സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് ഇമോജികള്‍ ഉപയഗിക്കാം. ഫെയ്സ്ബുക്ക് മെസെഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് സമാനമായിരിക്കും ഇത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമില്‍ സന്ദേശത്തില്‍ ലോങ് പ്രെസ് ചെയ്യുമ്പോഴാണ് റിയാക്ഷനുകള്‍ ലഭിക്കുന്നത്.
അഡ്മിന് ഡിലീറ്റ്
ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഏത് അംഗം അയക്കുന്ന സന്ദേശവും ഇനിമുതല്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുള്ള സന്ദേശങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു സംവിധാനം.

ഫയല്‍ ഷെയറിങ്
ഏറ്റവുമധികം ആളുകള്‍ കാത്തിരിക്കുന്ന ഒരു സവിശേഷതകൂടിയാണിത്. വാട്ട്സ്ആപ്പില്‍ രണ്ട് ജിബി വരെയുള്ള ഫയലുകള്‍ ഇനിമുതല്‍ ഷെയര്‍ ചെയ്യാനാകും. ടെലിഗ്രാമില്‍ 1.5 ജിബി വരെയാണ് പരിധി.
വോയിസ് കോള്‍
വോയിസ് കോളിങ്ങില്‍ 32 പേരെ വരെ ഉള്‍പ്പെടുത്താം. നിലവില്‍ വോയിസ്/വിഡീയോ കോളുകളില്‍ പരമാവധി എട്ടു പേരെ മാത്രമെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കു.
കമ്മ്യൂണിറ്റി
കമ്മ്യൂണിറ്റികൾ ഒരു “ഗ്രൂപ്പുകളുടെ ഡയറക്ടറി” പോലെയായിരിക്കുമെന്ന് ഒരു വാട്ട്സ്ആപ്പ് വക്താവ് പറഞ്ഞു, ” ചില പൊതുവായ ബന്ധങ്ങൾ ഉള്ള, വിവിധ ഗ്രൂപ്പുകൾ ചേർത്ത് അവരുടേതായ ഒരു കമ്മ്യൂണിറ്റി മുന്നോട്ട് കൊണ്ടുപോവാൻ ഈ ഫീച്ചർ വഴി ആർക്കും സാധിക്കും,” അദ്ദേഹം പറഞ്ഞു. ഒന്നിലധികം ഗ്രൂപ്പുകൾ കാരണം ആളുകൾക്ക് സന്ദേശങ്ങൾ കാണാതെ പോവുന്ന അവസ്ഥയുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും വക്താവ് കൂട്ടിച്ചേർത്തു.
ആർക്കും ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനും ഒന്നിലധികം ഗ്രൂപ്പുകളെ അതിൽ ചേരാൻ ക്ഷണിക്കാനും കഴിയും. എന്നാൽ അതത് അഡ്മിൻമാർ ക്ഷണം സ്വീകരിച്ചാൽ മാത്രമേ ഗ്രൂപ്പുകൾ കമ്മ്യൂണിറ്റിയുടെ ഭാഗമാകൂ. ഉദാഹരണത്തിന്, ഒരു കമ്പനിക്കുള്ളിൽ വ്യത്യസ്ത ഉപയോക്തൃ സെറ്റുകളുടെ ഒന്നിലധികം ഗ്രൂപ്പുകളുള്ള ഒരു കമ്മ്യൂണിറ്റി നിർമിക്കാം.

എന്നിരുന്നാലും, ഒരു പ്രത്യേക ഗ്രൂപ്പിലുള്ളവർക്ക് മാത്രമേ ആ ഗ്രൂപ്പിലെ സന്ദേശങ്ങൾ കാണാൻ കഴിയൂ, അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റ് ഗ്രൂപ്പുകളിലെ ഉപയോക്താക്കളുടെ സന്ദേശങ്ങളോ ഫോൺ നമ്പറോ കാണാനാവില്ല. ഗ്രൂപ്പുകളിലുടനീളം എല്ലാവർക്കും സന്ദേശമയയ്ക്കാൻ കമ്മ്യൂണിറ്റിക്ക് ഒരു ബ്രോഡ്കാസ്റ്റ് ഓപ്ഷൻ ഉണ്ടായിരിക്കും. എന്നാൽ ഈ സന്ദേശങ്ങൾ അനുവദിച്ചവർക്ക് മാത്രമേ ദൃശ്യമാകൂ.
Also Read