ഒരു നിശ്ചിത സമയത്തിനുശേഷം സന്ദേശങ്ങൾ അപ്രത്യക്ഷമാകാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കുള്ള മികച്ച സ്വകാര്യത ഫീച്ചറാണ് വാട്സ്ആപ്പിന്റെ ഡിസ്അപ്പിയറിങ് മെസേജസ്. ഇപ്പോൾ അത്തരം ചില സന്ദേശങ്ങൾ സൂക്ഷിക്കാനുള്ള മാർഗവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഇനി മെസേജുകൾ അയച്ചവർക്ക് ഡിസ്അപ്പിയെറിങ് ഫീച്ചർ ഓൺ ആണെങ്കിലും അത് വീണ്ടെടുക്കാൻ സാധിക്കും.
കെപ്റ്റ് മെസേജസ് എന്ന ഫീച്ചർ വാട്സ്ആപ്പിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് ഈ വർഷം ആദ്യം സൂചനകൾ കിട്ടിയിരുന്നെങ്കിൽ കമ്പനി ഇപ്പോഴാണ് അത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഡിസ്അപ്പിയെറിങ് ഫീച്ചർ ഓൺ ആക്കിയാൽ ഒരു നിശ്ചിത സമയം കഴിഞ്ഞ് ആ മെസേജുകൾ തനിയെ അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്.
ഇത് മെസേജുകളുടെ സംരക്ഷണപാളിയായി പ്രവർത്തിക്കുന്നു.
ഫീച്ചർ ഓണാക്കിയിട്ടും നിങ്ങൾ ചാറ്റിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരു സന്ദേശമോ വോയ്‌സ് കുറിപ്പോ ഉണ്ടെങ്കിൽ എന്തുചെയ്യും? അവിടെയാണ് കീപ്പ് ഇൻ ചാറ്റ് എന്ന ഫീച്ചർ ഉപയോഗപ്രദമാകുന്നത്.
ഒരു ഗ്രൂപ്പ് ചാറ്റിൽ ആരെങ്കിലും ഡിസ്അപ്പിയെറിങ് മെസേജ് എന്ന ഫീച്ചർ
ഓൺ ആക്കിയാൽ സന്ദേശം അയച്ചയാൾക്ക് അത് അറിയാൻ സാധിക്കും. സന്ദേശം മറ്റുള്ളവർ സൂക്ഷിക്കേണ്ടതില്ലെന്ന് അയച്ചയാൾ തീരുമാനിക്കുകയാണെങ്കിൽ അതിന് മാറ്റം ഉണ്ടാകില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ആർക്കും ഈ മെസേജുകൾ സൂക്ഷിക്കാൻ കഴിയില്ല. സാധാരണ ഡിസ്അപ്പിയറിങ് മെസേജുകൾ പോലെ, അതും സമയം കഴിയുമ്പോൾ അപ്രത്യക്ഷമാകും.
ഡിസ്അപ്പിയറിങ് മെസേജുകൾ സേവ് ചെയ്താൽ അത് ഒരു ബുക്ക് മാർക്കോടുകൂടി ലേബൽ ചെയ്യപ്പെടും. അത് കെപ്റ്റ് മെസേജസ് ഫീച്ചറുകളിൽ കാണുകയും ചെയ്യും. കുറച്ച് ആഴ്ചകൾക്ക് ശേഷം എല്ലാവരുടെയും വാട്സ്ആപ്പിൽ ഇത് ലഭ്യമാകുമെന്ന് വാട്സ്ആപ്പ് അറിയിക്കുന്നു.