ഉപയോക്താക്കളുടെ സ്വകാര്യതയും സെക്യൂരിറ്റിയും സംരക്ഷിക്കുന്നതിനായി പുതിയ സെക്യൂരിറ്റി ഫീച്ചറുകളുമായി വാട്സ്ആപ്പ്. നിങ്ങൾ പുതിയൊരു ഉപകരണത്തിലേക്ക് മാറുമ്പോൾ കണക്ഷൻ സുരക്ഷിതമാണെന്ന് ഉറപ്പിക്കാനായി അക്കൗണ്ട് പരിരക്ഷാ, പുതിയ ഉപകരണ പരിശോധന തുടങ്ങിയ ഫീച്ചറുകൾ കമ്പനി പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചു.
അക്കൗണ്ട് പരിരക്ഷ
പുതിയ ഉപകരണത്തിലേക്ക് മാറുമ്പോൾ, അനധികൃതമായുള്ള അക്കൗണ്ട് ട്രാൻസ്ഫർ തടയാനായി നിങ്ങൾ തന്നെയാണോ എന്ന് വാട്സ്ആപ്പ് രണ്ടു തവണ പരിശോധിക്കും. പുതിയ ഉപകരണത്തിലേക്ക് അക്കൗണ്ട് മാറുന്നതിന് മുൻപ്, പഴയ ഉപകരണത്തിൽ അവരുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യാൻ ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടേക്കാം. ഇത് വാട്സ്ആപ്പ് ചാറ്റുകളിലേക്കും ഡേറ്റയിലേക്കും ഹാക്കർമാർക്ക് ആക്സസ് ലഭിക്കുന്നത് തടയുന്നു.
ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ
ഉപയോക്താക്കൾ മുൻപ് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തും 60 അക്ക കോഡ് പങ്കിട്ടും എൻക്രിപ്ഷൻ പരിശോധിച്ചുറപ്പിക്കേണ്ടി വന്നിരുന്നെങ്കിൽ, ഈ ദൈർഘ്യമേറിയ കോഡിന്റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായ കണക്ഷൻ സ്വയമേവ പരിശോധിക്കുന്നതിനായി വാട്സ്ആപ്പ് ഇപ്പോൾ പുതിയ ക്രിപ്റ്റോഗ്രാഫിക് സുരക്ഷാ ഫീച്ചർ അവതരിപ്പിക്കുന്നു.
കോൺടാക്റ്റുകളുടെ സുരക്ഷാ കോഡുകൾ സ്വയമേവ പരിശോധിച്ച് അവ പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന പ്രക്രിയയാണിത്. ഈ ഫീച്ചർ ആക്സസ് ചെയ്യാനായി, ഉപയോക്താക്കൾക്ക് കോൺടാക്റ്റിന്റെ വിവരത്തിന് താഴെയുള്ള എൻക്രിപ്ഷൻ ടാബിൽ ടാപ്പുചെയ്ത് അവരുടെ സംഭാഷണം സുരക്ഷിതമാണോ എന്ന് നോക്കുക.
ഡിവൈസ് വെരിഫിക്കേഷൻ
ഉപഭോക്താവിന്റെ സമ്മതമില്ലാതെ സന്ദേശങ്ങൾ അയയ്ക്കുന്ന അക്കൗണ്ട് ടേക്ക് ഓവർ (എടിഒ) ആക്രമണങ്ങൾ നടത്താൻ മാൽവെയറുകളെ ഉപയോഗിക്കുന്നതെങ്ങനെയെന്ന് ഉദ്ധരിച്ച് വാട്സ്ആപ്പ്, ഇതിൽനിന്നു അക്കൗണ്ട് സുരക്ഷിതമാക്കാൻ പരിശോധനകൾ ചേർത്തിട്ടുണ്ടെന്നു പറയുന്നു. ഉപയോക്തൃരുടെ ഭാഗത്തുനിന്നു ഒരു നടപടിയും ആവശ്യമില്ലെന്നും എന്നാൽ നിങ്ങളുടെ ഉപകരണം അപഹരിക്കപ്പെട്ടാൽ ആപ്പ് നിങ്ങളെ സംരക്ഷിക്കുമെന്നും പ്ലാറ്റ്ഫോം പറയുന്നു.
വരും മാസങ്ങളിൽ പ്ലാറ്റ്ഫോം കൊണ്ടുവരുന്ന അധിക സുരക്ഷാ ഫീച്ചറുകളിൽ ചിലത് മാത്രമാണിത്. കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വാട്സ്ആപ്പ് പറയുന്നു.
ബുധനാഴ്ച “സ്റ്റേ സേഫ് വിത്ത് വാട്സ്ആപ്പ്” എന്ന ക്യാംപെയ്ൻ ആരംഭിച്ചതിന് ശേഷമാണ് ഈ പ്രഖ്യാപനം. ആപ്പിൽ മുൻകൂട്ടി നിർമ്മിച്ച വിവിധ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് അവബോധം വളർത്തുകയാണ് ഇത് ലക്ഷ്യമിടുന്നത്.