അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന ഫീച്ചറായിരുന്നു വാട്ട്സ്ആപ്പ് ഒടുവിലായി അവതരിപ്പിച്ച ഗംഭീര ഫീച്ചര്‍. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്നറിയപ്പെടുന്ന ഫീച്ചര്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്പുകളില്‍ റോള്‍ ഔട്ട് ചെയ്തിട്ടുണ്ട്. ആര്‍ക്കാണോ മെസേജ് അയച്ചത് അവര്‍ മെസേജ് വായിക്കുന്നതിന് മുമ്പ്, അയച്ച് ഏഴുമിനിറ്റിനുള്ളില്‍ തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ അയച്ച വ്യക്തിയെ സഹായിക്കുന്ന ഈ ഫീച്ചര്‍ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ തിരികെ വിളിച്ച ഈ സന്ദേശങ്ങള്‍ നമുക്ക് വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അയച്ചയാള്‍ സന്ദേശം തിരികെ വിളിച്ചാലും എളുപ്പത്തില്‍ ഇത് തിരിച്ചെടുക്കാന്‍ കഴിയുന്ന വിധം നമ്മുടെ ഫോണില്‍ തന്നെ ഉണ്ടെന്നാണ് അവകാശവാദം. ഫോണിലെ നോട്ടിഫിക്കേഷന്‍ ലോഗിലാണ് സന്ദേശം ഉണ്ടാവുക.

7.0 നൗഗട്ടോ അതിലും ഉയര്‍ന്ന വേര്‍ഷനുകളോ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി (Notification History) എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ ഡിലീറ്റ് ചെയ്ത ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമാണ് ഈ ആപ്പ് ഉപയോഗിച്ച് വായിക്കാന്‍ കഴിയുക. ഫോട്ടോയോ വിഡിയോയോ തിരിച്ചെടുക്കാന്‍ സാധിക്കില്ല. മാത്രമല്ല ആദ്യത്തെ 100 അക്ഷരങ്ങളാണ് കാണാന്‍ കഴിയുക. കൂടാതെ ചുരുങ്ങിയ മണിക്കൂറുകള്‍ക്ക് വേണ്ടി മാത്രമാണ് ഈ സന്ദേശം സേവ് ആവുക. റീസ്റ്റാര്‍ട്ട് ചെയ്താല്‍ ഇത് ഡിലീറ്റാകും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടും. ഇതിനായി ഹോം സ്ക്രീനില്‍ ആദ്യം അല്‍പനേരം പ്രസ് ചെയ്ത് പിടിക്കണം. എന്നിട്ട് വിഡ്ജെറ്റ്സ് ക്ലിക്ക് ചെയ്യുക. പിന്നാലെ ആക്ടിവിറ്റീസ് ക്ലിക്ക് ചെയ്താല്‍ നോട്ടിഫിക്കേഷനുകള്‍ പ്രത്യക്ഷമാകും.

ചിത്രങ്ങള്‍, ടെക്സ്റ്റ്, ജിഫ് ചിത്രങ്ങള്‍, വിഡിയോ എന്നിവയെല്ലാം ഡിലീറ്റ് ചെയ്യാന്‍ കഴിയുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന പുതിയ ഫീച്ചറായിരുന്നു വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. നിങ്ങള്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകളിലേക്കോ അയയ്ക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അയച്ച മെസേജ് ഒരിക്കല്‍ ഡിലീറ്റ് ചെയ്തു കഴിഞ്ഞാല്‍ ‘ദിസ് മെസേജ് വാസ് ഡിലീറ്റഡ്’ എന്നാകും മെസേജ് ലഭിച്ചവരുടെ ചാറ്റ് ബോക്‌സില്‍ കാണുക. അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്ത് തിരുത്തി അയയ്ക്കുന്നതിനുള്ള ഫീച്ചര്‍ പുറത്തിറക്കാനും വാട്‌സാപ്പിന് പദ്ധതിയുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഫീച്ചര്‍ നിലവിലുണ്ടെങ്കിലും അത് ഡിസേബിള്‍ഡ് ആക്കിവച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ