പഴയ വെർഷൻ ആൻഡ്രോയിഡും ഐഒഎസും ഉപയോഗിക്കുന്ന ഫോണുകളിൽ ഇന്നു മുതൽ വാട്സാപ്പ് പ്രവർത്തിക്കില്ല. ആൻഡ്രോയിഡ് 2.3.7നും അതിലും പഴയതുമായ വെർഷൻ, ഐഒഎസ് 8, അതിലും പഴയ വെർഷനിലുളള ഫോണുകളിലാണ് ഇന്നു മുതൽ വാട്സാപ്പിന്റെ പ്രവർത്തനം നിലയ്ക്കുന്നത്. ഈ ആൻഡ്രോയിഡ്, ഐഒഎസ് വെർഷനിലുളള ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം അവസാനിപ്പിച്ചതായി കമ്പനി വാട്സാപ്പ് ബ്ലോഗ് പോസ്റ്റിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

പഴയ ആൻഡ്രോയിഡ്, ഐഒഎസ് വെർഷൻ ഉപയോഗിക്കുന്നവർക്ക് വാട്സാപ്പിൽ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനോ നിലവിലുളള അക്കൗണ്ട് പരിശോധിക്കാനോ ഇന്നു (ഫെബ്രുവരി 1) മുതൽ കഴിയില്ല. ഫോണുകൾ അപ്‌ഡേറ്റ് ചെയ്യാത്തവർക്ക് ഭാവിയിൽ വാട്സാപ്പ് അയയ്‌ക്കുന്ന എല്ലാ പുതിയ സവിശേഷതകളും അപ്‌ഡേറ്റുകളും നഷ്‌ടപ്പെടും. ”കാരണം ഈ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കായി ഞങ്ങൾ പുതിയതൊന്നും വികസിപ്പിക്കുന്നില്ല, ചില ഫീച്ചറുകൾ എപ്പോൾ വേണമെങ്കിലും പ്രവർത്തനം നിർത്തിയേക്കാം,” കമ്പനി വ്യക്തമാക്കി.

Read Also: സാംസങ് ഗ്യാലക്സി S10 ലൈറ്റ് ഇന്ത്യയിൽ; പ്രീ ബുക്കിങ്ങിൽ 3000 രൂപ ക്യാഷ് ബാക്ക് ഓഫർ

വാട്സാപ്പ് പ്രവർത്തനം നിലയ്ക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടതെന്ത്?

ആൻഡ്രോയിഡ് 2.3.7നും അതിലും പഴയതുമായ വെർഷൻ, ഐഒഎസ് 8, അതിലും പഴയ വെർഷനിലുളള ഫോണുകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഫോൺ സോഫ്റ്റ്‌വെയർ ഉടൻ അപ്ഡേറ്റ് ചെയ്യുക. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് തുടർന്നും വാട്സാപ്പ് ആപ്പ് ഉപയോഗിക്കാൻ സാധിക്കും.

ആൻഡ്രോയിഡ് ഡിവൈസിലെ അപ്ഡേറ്റ് പരിശോധിക്കാൻ Settings menu വിലേക്ക് പോവുക. അവിടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ക്ലിക്ക് ചെയ്യുക. ഐഫോൺ ഉപയോഗിക്കുന്നവർ Settings > General > Software update ഓപ്പൺ ചെയ്യുക. നിങ്ങളുടെ ഫോണിൽ അപ്ഡേറ്റ് ലഭ്യമായിട്ടുണ്ടെങ്കിൽ ഡൗൺലോഡ് ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ വെർഷൻ ഫോണിൽ അപ്ഗ്രേഡ് ആകും.

നിങ്ങളുടെ ഫോണിൽ അപ്ഡേറ്റ് കാണാൻ കഴിയുന്നില്ലെങ്കിൽ ആ ഫോണുകളെ വാട്സാപ്പ് പിന്തുണയ്ക്കുന്നില്ലെന്നാണ്. വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ പുതിയ ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതായി വരും.

വിൻഡോസ്, ആഡ്രോയിഡ്, ഐഒഎസ് വെർഷൻ ഫോണുകളിലും വാട്സാപ്പ് പ്രവർത്തിക്കില്ല

എല്ലാ വിൻഡോസ് ഫോണുകളിലും 2019 ഡിസംബർ 31 വാട്സാപ്പിന്റെ പ്രവർത്തനം നിലച്ചിരുന്നു. ഇതിനുപുറമേ ഐഒഎസ് 7 ഉപയോഗിക്കുന്ന എല്ലാ ഐഫോണുകളിലും അതിലും പഴയ വെർഷനുകളിലും വാട്സാപ്പ് പ്രവർത്തിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നേരത്തെ നോക്കിയ സിംബിയാൻ എസ്60, ബ്ലാക്ബെറി ഒഎസ്, ബ്ലാക്ബെറി 10, നോക്കിയ എസ്40 അടക്കമുളള ഫോണുകളിലും വാട്സാപ്പ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook