/indian-express-malayalam/media/media_files/uploads/2023/10/whatsapp-1.jpg)
വാട്സ്ആപ്പ് മൊബൈൽ പതിപ്പിനെ അപേക്ഷിച്ച് വാട്ട്‌സ്ആപ്പ് വെബിൽ ഫീച്ചറുകൾ കുറവാണ്
ഉപയോക്തൃ-സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി നിരവധിയായ മാറ്റങ്ങളാണ് അടുത്തിടെയായി വാട്സ്ആപ്പ് പരിക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി മെസേജിംഗ് പ്ലാറ്റ്‌ഫോമിന്റെ ബ്രൗസർ പതിപ്പായ വാട്ട്‌സ്ആപ്പ് വെബിലും ഒരു കൂട്ടം പുതിയ ഫീച്ചറുകൾ പരീക്ഷിക്കുകയാണ് കമ്പനി. പുതിയ സൈഡ്ബാർ, പരിഷ്കരിച്ച ഡാർക്ക് മോഡ്, വെബിൽ തന്നെ യൂസർ നെയിം ക്രമീകരിക്കാൻ ഉപയോക്താക്കളെ അനുവധിക്കുന്ന സവിശേഷത തുടങ്ങിയ മാറ്റങ്ങളാണ് കമ്പനി കൊണ്ടുവരുന്നത്.
ഈ വർഷം ഒക്ടോബറിൽ, ഫോൺ നമ്പറുകൾ പങ്കിടുന്നതിനു പകരമായി യൂസർനെയിം പങ്കിടുന്ന ഫീച്ചർ, കമ്പനി പരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഫീച്ചർ തിരഞ്ഞെടുത്ത മൊബൈൽ പതിപ്പുകളിൽ മാത്രമായി പിരമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ സേവനം, ബ്രൗസർ പതിപ്പിലും വ്യാപിപ്പിക്കാനായി ഡെവലപ്പർമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ്, 'വാബീറ്റഇൻഫോ' റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ഡെസ്ക്ടോപ്പ് പതിപ്പിന് സമാനമായി, ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അവരുടെ ഉപയോക്തൃനാമം പരിഷ്കരിക്കാനുമാകും.
നിലവിൽ വാട്സ്ആപ്പ് വെബിൽ വിൻഡോയുടെ മുകളിൽ ഇടതു ഭാഗത്ത് ‘Communities’, ‘Status’, ‘Channels’, ‘New Chat’ തുടങ്ങിയ ബട്ടനുകൾ കാണാൻ സാധിക്കും. എന്നാൽ പുതിയ സൈഡ്‌ബാർ, ബ്രൗസർ വിൻഡോയുടെ ഇടതുവശത്തേക്ക് മാറ്റി സ്ഥാപിക്കുകയാണ്. ഇത് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ വിവിധ ടാബുകളിലേക്ക് എത്താൻ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.
നവീകരിച്ച ഡാർക്ക് മോഡിനെ സംബന്ധിച്ചിടത്തോളം, ഡാർക്ക് തീമിന്റെ സൗന്ദര്യശാസ്ത്രവുമായി പൊരുത്തപ്പെടുന്നതിനും കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിനും ഡവലപ്പർമാർ പശ്ചാത്തല നിറം മാറ്റിയിട്ടുണ്ട്.
ഈ സേവനങ്ങൾ നിലവിൽ വികസന ഘട്ടത്തിൽ ആയതുകൊണ്ട് തന്നെ വാട്സ്ആപ്പ് ബീറ്റാ പതിപ്പുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. സേവനത്തിന്റെ ഭാവി പതിപ്പുകളിലൂടെ എല്ലാ ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
നിലവിലെ വാട്സ്ആപ്പ് വെബ് പതിപ്പിൽ മൊബൈൽ, ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി സവിശേഷതകൾ ഇല്ല. എന്നാൽ ഡെവലപ്പർമാർ ഈ വിടവ് നികത്താനും മൊബൈൽ അപ്ലിക്കേഷനിൽ നിന്ന് തുടർച്ചയായി സവിശേഷതകൾ ചേർത്തുകൊണ്ട് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.