അടുത്തിടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി നിരവധി പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ആൻഡ്രോയിഡ് ഉപകരണങ്ങളിൽ സ്റ്റാറ്റസിൽ വോയിസ് നോട്ടുകളും അയക്കാനുള്ള സൗകര്യമാണ് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്തത്. മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് ഇപ്പോൾ ഐഒഎസ് ഉപയോക്താക്കൾക്ക് വോയിസ് നോട്ടുകൾ സ്റ്റാറ്റസ് അപ്‌ഡേറ്റായി പോസ്റ്റ് ചെയ്യാനുള്ള ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ്.
ചാറ്റുകളിൽനിന്നുള്ള വോയ്‌സ് നോട്ടുകൾ സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ സാധിക്കുമെങ്കിലും അവയുടെ ദൈർഘ്യം 30 സെക്കൻഡിൽ കൂടാൻ പാടില്ല. വാട്ട്‌സ്ആപ്പിൽ വോയ്‌സ് സ്റ്റാറ്റസ് റെക്കോർഡ് ചെയ്യാൻ, ‘സ്റ്റാറ്റസ്’ ടാബിലേക്ക് പോകുക. അവിടെ പെൻസിൽ ഐക്കണുള്ള ഫ്ലോട്ടിംഗ് ബട്ടണിൽ ടാപ്പുചെയ്‌ത് സ്‌ക്രീനിന്റെ താഴെ ഭാഗത്ത് വലതുവശത്തായി വരുന്ന മൈക്രോഫോൺ ഐക്കണിൽ ക്ലിക്കുചെയ്യുക.
നിങ്ങൾ വോയ്‌സ് നോട്ടുകൾ റെക്കോർഡുചെയ്യുന്നത് പോലെ, ബട്ടൺ ടാപ്പുചെയ്‌ത് പിടിക്കുമ്പോൾ റെക്കോർഡിങ്ങ് ആരംഭിക്കുകയും അത് റിലീസ് ചെയ്യുമ്പോൾ റെക്കോർഡിങ്ങ് നിർത്തുകയും ചെയ്യുന്നു. അതിനുശേഷം സെൻഡ് ഐക്കണിൽ ടാപ്പുചെയ്താൽ മാത്രം മതിയാകും.
ഐഒഎസിലെ വാട്ട്‌സ്ആപ്പ് വീഡിയോ കോളുകൾക്കായുള്ള പിക്ചർ-ഇൻ-പിക്ചർ മോഡ് പുറത്തിറങ്ങുന്നതിനെക്കുറിച്ച് ആപ്പ് സ്റ്റോറിലെ വാട്സ്ആപ്പ് ചേഞ്ച്‌ലോഗ് സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസമാണ് ഈ ഫീച്ചർ ചേർക്കപ്പെട്ടത്. വാട്സ്ആപ്പ് ഇപ്പോഴും വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പോസ്റ്റുചെയ്യാനുള്ള ഫീച്ചറിനു പിന്നിലുള്ള പ്രവർത്തനത്തിലാണ്. അതിനാൽ നിങ്ങളുടെ ഐഒഎസ് ഉപകരണത്തിൽ ഫീച്ചർ എത്തുന്നതിന് കുറച്ച് ദിവസങ്ങൾകൂടി കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ആൻഡ്രോയിഡ് ടാബ്‌ലെറ്റുകളിലെ സ്പ്ലിറ്റ് വ്യൂ , വിൻഡോസിനായുള്ള കോൾ ലിങ്ക് ഫീച്ചർ, ഗ്രൂപ്പ് കോളുകൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചർ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കൂടി വാട്സ്ആപ്പ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.