സ്മാർട്ഫോൺ ഉപഭോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്സാപ്. ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷൻ വാട്സാപ്പാണെന്ന കാര്യത്തിൽ തർക്കമുണ്ടാകില്ല. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന് ലോകത്താകമാനം രണ്ട് ബില്യൺ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇന്ത്യയാണ് വാട്സാപിന്റെ പ്രധാനപ്പെട്ടതും വലുതുമായ മാർക്കറ്റുകളിലൊന്ന്. കുടുംബങ്ങൾക്കും വീടുകൾക്കും വരെ ഗ്രൂപ്പുകളുണ്ടാക്കി വാട്സാപ് ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ഈ വാട്സാപ്പിൽ ഉപഭോക്താക്കൾക്ക് ഉപയോഗപ്രദമായി കമ്പനി അവതരിപ്പിക്കുന്ന പല ഫീച്ചറുകളും നമ്മൾ അറിയുന്നു പോലുമില്ല. അത്തരത്തിലുള്ള ചില ഫീച്ചറുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിൽ.

ഫൊട്ടോയുടെ ക്വാളിറ്റി നഷ്ടമാകാതെ ഡോക്യുമെന്റായി അയക്കാം

ഫയൽ കൈമാറ്റം പ്രത്യേകിച്ച് ഫോട്ടെ, വീഡിയോ എന്നിവ പങ്കുവയ്ക്കുന്ന അവസ്ഥ ഏറെ ലളിതമാക്കിയത് വാട്സാപ്പാണ്. പല കോൻഡാക്ടുകളിലേക്കും ഗ്രൂപ്പുകളിലേക്കും നമുക്ക് വളരെ വേഗത്തിൽ ഫൊട്ടോ കൈമാറാൻ വാട്സാപ്പിലൂടെ സാധിക്കും. എന്നാൽ വാട്സാപ് ഉപയോഗിച്ച് നമ്മൾ ഒരു ഫൊട്ടോ അയക്കുമ്പോൾ അതിന്റെ വലുപ്പം ചെറുതാക്കിയിട്ടാണ് പ്ലാറ്റ്ഫോം സ്വീകർത്താവിലേക്ക് എത്തിക്കുന്നത്. ഇത് യഥാർത്ഥ ചിത്രത്തിന്റെ ഗുണമേന്മ നൽകുന്നില്ല. എന്നാൽ ഇതിന് പരിഹാരം വാട്സാപ്പിൽ തന്നെയുണ്ട്, ഡോക്യുമെന്റായി അയക്കുക. ഫൊട്ടോസായി അയക്കുന്നതിന് പകരം അറ്റാച്ച്മെന്റിൽ ക്ലിക്ക് ചെയ്ത ശേഷം ഡോക്യുുമെന്റ് തിരഞ്ഞെടുക്കുക. അവിടെ നിന്നും നിങ്ങൾക്ക് വേണ്ട ചിത്രം ഡോക്യുമെന്റായി മാറ്റി അയക്കാൻ സാധിക്കും. വലുപ്പത്തിലും ഗുണമേന്മയിലും യാതൊരു മാറ്റവും വരുത്താതെ.

ഫോൺ കോളിൽ കേൾക്കുന്നതുപോലെ ശബ്ദ സന്ദേശങ്ങൾ ശ്രവിക്കാം

ശബ്ദ സന്ദേശങ്ങൾ കൈമാറാൻ സാധിക്കുന്ന ഒരു മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സാപ്. എന്നാൽ പലപ്പോഴും ആ സന്ദേശങ്ങൾ കേൾക്കാൻ നമുക്ക് സാധിക്കാറില്ല, പ്രത്യേകിച്ച് ഒരു പൊതുസമൂഹത്തിൽ നമ്മുടെ സ്വകാര്യ സംഭാഷങ്ങൾ ഉറക്കെ പ്ലേ ചെയ്യുവാൻ സാധിക്കില്ല. എന്നാൽ അതിനും പരിഹാരമുണ്ട് വാട്സാപ്പിൽ. ഓഡിയോ സന്ദേശങ്ങൾ വരുമ്പോൾ പ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്ത ശേഷം ഫോണിൽ സംസാരിക്കുന്നതുപോലെ ചെവിയിലേക്ക് ഫോൺ അടുപ്പിക്കുക. അപ്പോൾ മെയിൻ സ്‌പീക്കറിൽ നിന്നും ഓഡിയോ ഔട്ട് ഇയർപീസിലേക്ക് മാറും.

വാട്സാപ് മീഡിയ ഗ്യാലറിയിൽ നിന്ന് മറച്ചുവയ്ക്കാം

ഫൊട്ടോസായും വീഡിയോസായും നിരവധി സന്ദേശങ്ങളാണ് നിങ്ങൾക്ക് ദിനംപ്രതി ലഭിക്കുന്നത്. ഓട്ടോ ഡൗൺലോഡ് ഓഫാക്കിയിടാത്ത പക്ഷം ഈ സന്ദേശങ്ങൾ നിങ്ങളുടെ ഗ്യാലറിയിലെത്തും. ഇതിൽ നിങ്ങൾക്ക് രഹസ്യമായി സൂക്ഷിക്കേണ്ട ചിത്രങ്ങളുമുണ്ടാകം. അങ്ങനെയുള്ളവർക്ക് വാട്സാപ് സന്ദേശങ്ങളായി വരുന്ന ഫൊട്ടോസും വീഡിയോസും ഹൈഡ് ചെയ്യാൻ സാധിക്കും.

ഏത് കോൻഡാക്ട് അല്ലെങ്കിൽ ഗ്രൂപ്പിൽ വരുന്ന വീഡിയോ/ഫൊട്ടോ സന്ദേശങ്ങളാണോ ഗ്യാലറിയിൽ വരുരുതാത്തത് അതിൽ ക്ലിക്ക് ചെയ്ത ശേഷം മീഡിയ വിസിബിലിറ്റി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ No എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ അത് പിന്നീട് ഈ സന്ദേശത്തിൽ നിന്നുള്ള ഫൊട്ടോസും വീഡിയോസും ഗ്യാലറിയിൽ പ്രത്യക്ഷപ്പെടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook